കരകയറി ഇന്ത്യ, രോഹിതിന് സെഞ്ച്വറി, മികച്ച സ്‌കോര്‍ ലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചറി. 157 പന്തുകളില്‍നിന്നാണ് രോഹിത് കരിയറിലെ 11ാം ടെസ്റ്റ് സെഞ്ചറിയിലെത്തിയത്.

author-image
anu
New Update
കരകയറി ഇന്ത്യ, രോഹിതിന് സെഞ്ച്വറി, മികച്ച സ്‌കോര്‍ ലക്ഷ്യം

 

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചറി. 157 പന്തുകളില്‍നിന്നാണ് രോഹിത് കരിയറിലെ 11ാം ടെസ്റ്റ് സെഞ്ചറിയിലെത്തിയത്. മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, മത്സരം 53 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചറിയുമായി രോഹിത് ശര്‍മയും (157 പന്തില്‍ 101), രവീന്ദ്ര ജഡേജയുമാണു (126 പന്തില്‍ 68) ക്രീസില്‍.

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീണതോടെ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടി രവീന്ദ്ര ജഡേജ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ഇന്ത്യയ്ക്ക് 8.5 ഓവറില്‍ 33 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (10 പന്തില്‍ 10), ശുഭ്മന്‍ ഗില്‍ (പൂജ്യം), രജത് പട്ടീദാര്‍ (15 പന്തില്‍ അഞ്ച്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.

സ്‌കോര്‍ 22 ല്‍ നില്‍ക്കെ മാര്‍ക് വുഡിന്റെ പന്തില്‍ ജോ റൂട്ട് ക്യാച്ചെടുത്ത് ജയ്‌സ്വാളിനെ പുറത്താക്കി. ഒരു റണ്‍ എടുക്കുന്നതിനു മുന്‍പേ മാര്‍ക് വുഡിന്റെ പന്തില്‍ തന്നെ ശുഭ്മന്‍ ഗില്ലും പുറത്തായി. ഗില്ലിനെ മാര്‍ക് വുഡ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചു. രജത് പട്ടീദാറിനും തിളങ്ങാന്‍ സാധിച്ചില്ല. സ്പിന്നര്‍ ടോം ഹാര്‍ട്ലിയാണ് രജത്തിനെ വീഴ്ത്തിയത്.

സര്‍ഫറാസ് ഖാന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറല്‍ എന്നിവര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നുണ്ട്. അതേസമയം മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലേക്കു മടങ്ങിയെത്തി. ഇംഗ്ലണ്ട് ടീമില്‍ സ്പിന്നര്‍ ശുഐബ് ബഷീറിനു പകരം പേസര്‍ മാര്‍ക് വുഡ് മടങ്ങിയെത്തി.

ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, രജത് പട്ടീദാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

sports Latest News