വാമികയ്ക്ക് കുഞ്ഞു സഹോദരന്‍ എത്തി; വിരാട് കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു, പേര് 'അകായ്'

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു.

author-image
Athira
New Update
വാമികയ്ക്ക് കുഞ്ഞു സഹോദരന്‍ എത്തി; വിരാട് കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു, പേര് 'അകായ്'

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫെബ്രുവരി 15ന് ആണ് കുഞ്ഞ് പിറന്നതെങ്കിലും ഫെബ്രുവരി 20നാണ് ഇരുവരും ഇക്കാര്യം പരസ്യമാക്കിയത്.

കുഞ്ഞിന് 'അകായ്' എന്നു പേരു നല്‍കിയതായി ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ വിരാട് കോലി അറിയിച്ചു. ലണ്ടനിലാണ് അകായ് ജനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേട്ട് കേള്‍വിയില്ലാത്ത അകായ് എന്ന പേര് ടര്‍ക്കിഷ് ഭാഷയില്‍ നിന്നാണ് കണ്ടെത്തിയത്. അകായ് എന്നാല്‍ പരിമിതികള്‍ക്കതീതന്‍ എന്നാണ്.

''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന്‍ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്‌നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു' വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

''ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തില്‍ നിങ്ങളുടെ ആശംസകളും ആശീര്‍വാദവും ഞങ്ങള്‍ക്കുണ്ടാകണം. ഈ ഘട്ടത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യര്‍ഥിക്കുന്നു. എല്ലാവരോടും സ്‌നേഹവും നന്ദിയും. വിരാട്-അനുഷ്‌ക സമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍നിന്ന് കോലി പിന്‍മാറിയിരുന്നു. ഇതോടെ കോലി അനുഷ്‌ക ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം പ്രചരിക്കുകയും ചെയ്തിരുന്നു. കോലിയുടെ അടുത്ത സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ താരവുമായ എ.ബി. ഡിവില്ലിയേഴ്‌സ് ഇക്കാര്യം അറിയിച്ചിരുന്നു.

 

 

sports news news updates latset news