/kalakaumudi/media/post_banners/242af653887b6856f97156d3226afa77ede456e760dba95c9f14c125d408c6b7.jpg)
കൊല്‍ക്കത്ത: ജന്മദിനത്തില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി വിരാട് കോലി. സച്ചിന്റെ ഒരു റെക്കോഡിനൊപ്പമാണ് കോലി എത്തിയത്. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പം കോലിയും എത്തി.
49 സെഞ്ചറികളാണ് നിലവില്‍ കോലിക്കും സച്ചിനുമുള്ളത്. ഒരു ഏകദിന സെഞ്ചറി കൂടി നേടിയാല്‍ സച്ചിനെ പിന്നിലാക്കി 50 സെഞ്ചറികളെന്ന നേട്ടം കോലി സ്വന്തമാക്കും.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 463 മത്സരങ്ങളിലൂടെയാണ് 49 ഏകദിന സെഞ്ച്വറികള്‍ നേടിയത്. കോലി 290 മത്സരങ്ങളില്‍ നിന്ന് 49 സെഞ്ച്വറികള്‍ സ്വന്തമാക്കി.
വിരാട് കോലിയെ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറും അഭിനന്ദിച്ചു. 'ഈ വര്‍ഷം 49 ല്‍ നിന്ന് 50 ല്‍ എത്താന്‍ എനിക്കു 365 ദിവസങ്ങള്‍ വേണ്ടിവന്നു. അടുത്ത കുറച്ചു ദിവസങ്ങളില്‍ തന്നെ 49 ല്‍ നിന്ന് 50 ല്‍ എത്തി എന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നു കരുതുന്നു. സച്ചിന്‍ രസകരമായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ വര്‍ഷം സച്ചിന്‍ 50 വയസ്സ് പൂര്‍ത്തിയാക്കിയിരുന്നു.
ജന്മദിനത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും കോലി ഇടം പിടിച്ചു. പിറന്നാളില്‍ സെഞ്ച്വറി തികയ്ക്കുന്ന ഏഴാമത്തെ മാത്രം താരമാണ് കോലി. ജന്മദിനത്തില്‍ നൂറു തികച്ച ആദ്യ താരം വിനോദ് കാംബ്ലിയാണ്. 1993 ല്‍ 21 വയസ്സു തികഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരെ കാംബ്ലി സെഞ്ച്വറി നേടിയത്.
സനത് ജയസൂര്യ, റോസ് ടെയ്‌ലര്‍, ടോം ലാഥം എന്നിവരും ജന്മദിനത്തില്‍ സെഞ്ച്വറി നേടിയവരാണ്. 2023 ഏകദിന ലോകകപ്പില്‍ കോലിക്കു പുറമേ ഓസീസ് താരം മിച്ചല്‍ മാര്‍ഷും പിറന്നാളില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി തികച്ചു.