'അനുഷ്‌കയെ കണ്ടുമുട്ടിയത് ജീവിതത്തിലെ വഴിത്തിരിവ് ', മനസ് തുറന്ന് വിരാട് കോലി

അനുഷ്‌കയെ പരിചയപ്പെട്ടതിന് ശേഷം ജീവിതത്തിന്റെ മറ്റൊരു വശം കാണാന്‍ തുടങ്ങി,അതായിരുന്നു വഴിത്തിരിവ്-വിരാട് കോലി

author-image
greeshma
New Update
 'അനുഷ്‌കയെ കണ്ടുമുട്ടിയത് ജീവിതത്തിലെ വഴിത്തിരിവ് ', മനസ് തുറന്ന് വിരാട് കോലി

 

ആരാധകര്‍ ഏറെയുള്ള താരദമ്പതിമാരാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. രണ്ടുപേരും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍. ഇരുവരുടേയും ജീവിതത്തില്‍ വഴിത്തിരിവായത് ഒരു പരസ്യ ചിത്രീകരണത്തിനിടെയുള്ള കണ്ടുമുട്ടല്‍. ആദ്യമൊക്കെ സൗഹൃദം പിന്നീട് പതിയെ അത് പ്രണയമായി മാറുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇരുവരുടേയും ജീവിതത്തില്‍ സന്തോഷം നല്‍കി വാമിക എന്ന കുഞ്ഞുമെത്തി.

അനുഷ്‌കയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് കോലി പറയുന്നു. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കോലി. തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറി. എന്നാല്‍ അതൊരു വഴിത്തിരിവ് ആയിരുന്നില്ലെന്നാണ് കോലി പറയുന്നത്. എന്നാല്‍ പിന്നീട് അനുഷ്‌കയുമായി സൗഹൃദത്തിലായതോടെയാണ് ജീവിത്തില്‍ പുതിയ മാറ്റങ്ങള്‍ വന്നതെന്ന് കോലി പറഞ്ഞു.

'എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറി. പക്ഷേ ജീവിതം പഴയതുപോലെ തന്നെ ആയിരുന്നു. സ്വപ്നം കണ്ടത് നേടാനുള്ള പ്രചോദനവും ജീവിതത്തില്‍ ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും ആ സംഭവത്തോടെ എനിക്ക് കഴിഞ്ഞു. പക്ഷേ അതൊരിക്കലും വഴിത്തിവ് ആയിരുന്നില്ല. ഞാന്‍ വീണ്ടും ക്രിക്കറ്റ് കളിച്ചു. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തുടര്‍ന്നു. ചുറ്റുമുള്ള അന്തരീക്ഷവും പഴയതുപോലെ തന്നെ ആയിരുന്നു.

അനുഷ്‌കയെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ജീവിതത്തിന്റെ മറ്റൊരു വശം കാണാന്‍ തുടങ്ങിയത് അന്നുമുതലാണ്. അത് ഒരിക്കലും എന്റെ ചുറ്റുപാടുകള്‍ പോലെയായിരുന്നില്ല. അത് വ്യത്യസ്തമായ കാഴ്ചപ്പാട് ആയിരുന്നു. അതുകൊണ്ടാണ് അത് ജീവിതത്തിലെ വഴിത്തിരിവ് ആകുന്നത്. നിങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങും. കാരണം രണ്ടു പേരും ഒരുമിച്ചുപോകേണ്ടവര്‍ ആണല്ലോ. അതിനുവേണ്ടി നമ്മള്‍ തുറന്നുസംസാരിക്കേണ്ടി വരും. ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ സ്വീകരിക്കേണ്ടി വരും. എന്നെ സംബന്ധിച്ച് അതാണ് ജീവിതത്തിലെ വഴിത്തിരിവ്.'-വിരാട് കോലി വിശദീകരിക്കുന്നു.

life Virat Kohli Anushka Sharma