ഇന്ത്യക്ക് തിരിച്ചടി; രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് 6 വിക്കറ്റ് ജയം

ഇതോടെ 3 മത്സര പരമ്പരയില്‍ വിന്‍ഡീസ് ഇന്ത്യയ്ക്ക് ഒപ്പമെത്തി. സ്‌കോര്‍: ഇന്ത്യ 40.5 ഓവറില്‍ 181ന് പുറത്ത്. വെസ്റ്റിന്‍ഡീസ് 36.4 ഓവറില്‍ 182.

author-image
Greeshma Rakesh
New Update
ഇന്ത്യക്ക് തിരിച്ചടി; രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് 6 വിക്കറ്റ് ജയം

ബ്രിജ്ടൗണ്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പിച്ച് വെസ്റ്റിന്‍ഡീസ്.ഇതോടെ 3 മത്സര പരമ്പരയില്‍ വിന്‍ഡീസ് ഇന്ത്യയ്ക്ക് ഒപ്പമെത്തി. സ്‌കോര്‍: ഇന്ത്യ 40.5 ഓവറില്‍ 181ന് പുറത്ത്. വെസ്റ്റിന്‍ഡീസ് 36.4 ഓവറില്‍ 182.

ഒന്നാം ഏകദിനത്തിലെ വിജയത്തിനു പിന്നാലെ അമിത ആത്മവിശ്വാസവുമായാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ച് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാനുള്ള വെസ്റ്റിന്‍ഡീസിന്റെ ശ്രമം രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് 40.5 ഓവറില്‍ 181 റണ്‍സിന് അവസാനിപ്പിച്ചു.

ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ് ഇന്ത്യയെ ബാറ്റിങ്ങിന് തിരഞ്ഞെടുത്തപ്പോള്‍ ബാറ്റര്‍മാരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. മാത്രമല്ല ഇഷന്‍ കിഷനും (55) ശുഭ്മന്‍ ഗില്ലും (34) നല്ലഫോമില്‍ തുടങ്ങിയതോടെ സ്‌കോര്‍ 300 കടക്കുമെന്ന ഇന്ത്യയുടെ കണക്കുക്കൂട്ടല്‍ ഞെട്ടിച്ചുക്കൊണ്ട് വിന്‍ഡീസ് 8 ഓവറിനിടെ 5 വിക്കറ്റുകള്‍ നേടി ഇന്ത്യയ്ക്ക് മറുപടി നല്‍കി.

ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ മികവ് തെളിയിക്കാന്‍ വിന്‍ഡീസിനു കഴിഞ്ഞു.സൂര്യകുമാര്‍ യാദവും (24) ഷാര്‍ദൂല്‍ ഠാക്കൂറും (16) നടത്തിയ ചെറുത്തുനില്‍പാണ് സ്‌കോര്‍ 150 കടക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇടയ്ക്കിടെ പെയ്ത മഴയും മത്സരത്തില്‍ രസംകൊല്ലിയായി.

വിരാട് കോലിയുടെ അഭാവത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ (19 പന്തില്‍ 9) മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി. എന്നാല്‍ നിലയുറപ്പിക്കും മുന്‍പേ സഞ്ജുവിനെ ബ്രണ്ടന്‍ കിങ്ങിന്റെ കൈകളില്‍ എത്തിച്ച സ്പിന്നര്‍ യാനിക് കാരിയ വിന്‍ഡീസിന് മേല്‍ക്കൈ നല്‍കി.

ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വെസ്റ്റിന്‍ഡീസ്: കൈല്‍ മയേഴ്‌സ്, ബ്രണ്ടന്‍ കിംഗ്, അലിക് അതനാസ്, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെപേര്‍ഡ്, യാനിക് കരിയ, അല്‍സാരി ജോസഫ്, ഗുദാകേശ് മോത്തി, ജയ്ഡന്‍ സീല്‍സ്.

ആദ്യ മത്സരത്തില്‍ 5 വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. കുല്‍ദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും ബോളിങ് മികവിലാണ് ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയത്.

cricket 2nd ODI West Indies vs India