ഡബ്ല്യുപിഎല്ലിന് വെള്ളിയാഴ്ച തുടക്കം; ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ മുംബൈ പരാജയപ്പെടുത്തിയത് ഡല്‍ഹിയെയായിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരത്തിന് ആവേശം കൂടുമെന്നതിൽ സംശയം വേണ്ട

author-image
Greeshma Rakesh
New Update
ഡബ്ല്യുപിഎല്ലിന് വെള്ളിയാഴ്ച തുടക്കം; ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ബെംഗളൂരു: വനിത പ്രീമിയർ ലീഗ് (ഡബ്ല്യുപിഎല്‍) രണ്ടാം സീസണ് വെള്ളിയാഴ്ച തുടക്കം. രാത്രി എട്ട് മണിക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ മുംബൈ പരാജയപ്പെടുത്തിയത് ഡല്‍ഹിയെയായിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരത്തിന് ആവേശം കൂടുമെന്നതിൽ സംശയം വേണ്ട.

കഴിഞ്ഞ തവണ ലീഗിലെതന്നെ ഏറ്റവും ശക്തരായ ടീമായിരുന്നു ഹർമന്‍പ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്.ഈ സീസണിലും പുതിയ വിജയന്ത്രങ്ങളും ബൗളിങ് നിര ശക്തമാക്കിയും പ്രതിരോധം തീർത്തും കിരീടം നിലനിർത്താൻ മുംബൈ ശ്രമിക്കും. ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റ് നല്‍കുന്ന വിവരപ്രകാരം 18 താരങ്ങളില്‍ 13 പേരും ഓള്‍ റൗണ്ടർമാരാണ്.അതിനാൽ ഇവരെ പ്രതിരോധിക്കാൻ അതിർ ടീമുകൾ കൂടുതൽ കരുത്തരാകേണ്ടിവരും.

കഴിഞ്ഞ സീസണിലെ താരമായ ഇംഗ്ലണ്ടിന്റെ നാറ്റ് സീവർ ബ്രന്റ് തന്നെയാണ് ഇത്തവണയും ഹർമന്റെ തുറുപ്പുചീട്ട്. ദക്ഷിണാഫ്രിക്കന്‍ താരം ഷബ്നിം ഇസ്മയില്‍ കൂടെ എത്തുന്നതോടെ ഹീലി മാത്യൂസ്, അമേലിയ കേർ, യസ്തിക ഭാട്ടിയ, ഇസി വോങ്, പൂജ വസ്ത്രാക്കർ എന്നിവരടങ്ങിയ നിര ഒരുപടികൂടി ശക്തരാകുന്നു.എന്നാൽ ഹർമന്റെ ഫോം മാത്രമാണ് മുംബൈയെ സംബന്ധിച്ചുള്ള ഏക ആശങ്ക.

 

 

അതെസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാകും മെഗ് ലാനിങ്ങിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് കളത്തിലിറങ്ങുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം വലിയൊരു ഇടവേള കഴിഞ്ഞാണ് മെഗ് ക്രീസിലേക്ക് എത്തുന്നത്. ഹർമന്റെ ഫോം പോലെതന്നെ മെഗിന്റെ പ്രകടനവും ശ്രദ്ധാകേന്ദ്രമായിരിക്കുമെന്നത് തീർച്ച. 2023ല്‍ ലാനിങ്ങിനൊപ്പം ഓപ്പണിങ്ങില്‍ സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ച ഷഫാലി വർമയാണ് ഡല്‍ഹിയുടെ കരുത്ത്.

 

മികച്ച ഫോമിന്റെ ആത്മവിശ്വാസത്തിലാണ് ടീമിലെ സുപ്രാധാന താരവും ഓള്‍ റൗണ്ടറുമായ മാരിസന്‍ കാപ് എത്തുന്നത്. അന്നബെല്‍ സതർലന്‍ഡിന്റെ വരവ് ടീമിന് ഊർജം പകരും. സ്പിന്‍ ഡിപ്പാർട്ട്മെന്റും ബാറ്റിങ് ഡെപ്തിലുള്ള കുറവുമാണ് ഡല്‍ഹിയുടെ പോരായ്മ. അതുകൊണ്ടുതന്നെ രാധാ യാദവിനും മിന്നു മണിക്കും അവസരം ഒരുങ്ങിയേക്കും.

Sajana Sajeevan mumbai indians womens premier league 2024 cricket delhi capitals minnu mani