ലോകകപ്പില്‍ ഇന്ത്യ ഓസീസിനെതിരേ; ഗില്‍ കളിക്കില്ല, ഇവര്‍ ടീമിന്റെ കരുത്ത്

ഏകദിന ലോകകപ്പില്‍ ആദ്യ കളിക്കായി ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. കരുത്തരായ ആസ്ട്രേലിയക്കെതിരേ ചെന്നൈ എംഎ. ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം. പകല്‍-രാത്രി മത്സരം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.

author-image
Web Desk
New Update
ലോകകപ്പില്‍ ഇന്ത്യ ഓസീസിനെതിരേ; ഗില്‍ കളിക്കില്ല, ഇവര്‍ ടീമിന്റെ കരുത്ത്

ചെന്നൈ: ഏകദിന ലോകകപ്പില്‍ ആദ്യ കളിക്കായി ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. കരുത്തരായ ആസ്ട്രേലിയക്കെതിരേ ചെന്നൈ എംഎ. ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം. പകല്‍-രാത്രി മത്സരം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.

ഓപ്പണിംഗ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ ഞായറാഴ്ച കളിക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുള്ള വിവരം. പകരം കെ.എല്‍. രാഹുലോ ഇകാന്‍ കിഷനോ രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.

ഡെങ്കിപ്പനി ബാധിച്ച ഗില്‍ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ഏകദിനത്തില്‍ അടുത്തിടെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫോമിലുള്ള താരമായ ഗില്ലിന്റെ അസാന്നിധ്യം ഇന്ത്യക്ക് വന്‍ നഷ്ടമാകും.

സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മയെയും കൂടാതെ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയിലും രവീന്ദ്ര ജഡേജയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മികച്ച ഫോമിലാണ്.

ചെന്നെയിലെ വിക്കറ്റില്‍ ഇന്ത്യ മൂന്നു സ്പിന്നര്‍മാരുമായി ഇറങ്ങാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജഡേജയെ കൂടാതെ കുല്‍ദീപ് യാദവും ആര്‍. അശ്വിനും കളിച്ചേക്കും.

മികച്ച തയാറെടുപ്പുമായാണ് ആസ്ട്രേലിയ ലോകകപ്പിനെത്തുന്നത്. ഇന്ത്യയില്‍ ഏകദിന-ട്വന്റ്ി20 പരമ്പരകള്‍ കളിച്ച് സാഹചര്യവുമായി പൊരുത്തപ്പെട്ട ഓസീസ് താരങ്ങള്‍ ഐ.എസ്.എല്‍. കളിച്ചും ഇന്ത്യന്‍ ഗ്രൗണ്ടുകള്‍ അടുത്തറിഞ്ഞവരാണ്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന പരമ്പര പരാജയപ്പെട്ടെങ്കിലും മികച്ച ഇലവനെ തയാറാക്കാന്‍ അവര്‍ക്കായി.

പരുക്കും വ്യക്തിപരമായി അസൗകര്യങ്ങളും മൂലം ടീമില്‍നിന്ന് വിട്ടുനിന്ന ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാകസ്വെലും അവസാന നിമിഷം ടീമിലെത്തിയ മാര്‍നസ് ലാബുഷെയ്നും ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും അത്യുഗ്രന്‍ ഫോമിലാണ്. സ്മിത്തും വാര്‍ണറുമടങ്ങുന്ന ടോപ്ഓര്‍ഡറും വിശ്വസ്തര്‍.

നായകന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് പേസ് ത്രയവും സ്പിന്നര്‍ ആഡം സാംപയും ചേര്‍ന്ന ബൗളിംഗ് ഡിപ്പാര്‍ട്മെന്റും സുശക്തം.

 

cricket india australia world cup cricket