/kalakaumudi/media/post_banners/e5d6cdf25ff307f2163c0878a6a4adfa02eabf0ad1ce13569438d504c75cac9b.jpg)
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന് വന്‍ പരാജയം. ഓസ്‌ട്രേലിയയോട് തോല്‍വി ഏറ്റുവാങ്ങിയതോടെ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് സെമിഫൈനല്‍ കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
33 റണ്‍സിനാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ജയത്തോടെ ഓസീസിന്റെ സെമി പ്രതീക്ഷ സജീവമായി. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്, 48.1 ഓവറില്‍ 253 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീഴത്തിയ സ്പിന്നര്‍ ആദം സാംപ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49.3 ഓവറില്‍ 286 റണ്‍സെടുത്തു പുറത്തായി. ഓസ്‌ട്രേലിയയ്ക്കായി മാര്‍നസ് ലബുഷെയ്ന്‍ അര്‍ധ സെഞ്ചറി നേടി. 83 പന്തുകള്‍ നേരിട്ട ലബുഷെയ്ന്‍ 71 റണ്‍സെടുത്തു. കാമറൂണ്‍ ഗ്രീന്‍ (52 പന്തില്‍ 47), സ്റ്റീവ് സ്മിത്ത് (52 പന്തില്‍ 44), മാര്‍കസ് സ്റ്റോയ്‌നിസ് (32 പന്തില്‍ 35) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.