/kalakaumudi/media/post_banners/bd963ce597355e67dd001230b572592b7741118014cb82a9ebfd55cb5ea172ff.jpg)
കൊല്‍ക്കത്ത: ഏക ദിന ലോകകപ്പിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 43.3 ഓവറില്‍ 244 റണ്‍സിനു എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് 93 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
പാക്കിസ്ഥാന്, സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖിനേയും (0) ഫഖര്‍ സമാനേയും (1) നഷ്ടമായി. ഇരുവരെയും ഡേവിഡ് വില്ലിയാണ് പുറത്താക്കിയത്.
ക്യാപ്റ്റന്‍ ബാബര്‍ അസം 45 പന്തില്‍ 38 റണ്‍സുമായി മടങ്ങി. 36 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനെ മോയീന്‍ അലി ക്ലീന്‍ ബോള്‍ഡാക്കി. സൗദ് ഷക്കീലും (37 പന്തില്‍ 29) പുറത്തായി.
ആറാമനായി ഇറങ്ങിയ സല്‍മാന്‍ അലി ആഖ അര്‍ധ സെഞ്ചറി നേടി. 45 പന്തില്‍ 51 റണ്‍സ് നേടിയ ആഖയെ ഡേവിഡ് വില്ലി ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു. ഇഫ്തിഖര്‍ അഹമ്മദ് (5 പന്തില്‍ 3), ഷദാബ് ഖാന്‍ (7 പന്തില്‍ 4) എന്നിവര്‍ തിളങ്ങിയില്ല.
23 പന്തില്‍ 25 റണ്‍സ് നേടിയ ഷഹീന്‍ അഫ്രിദിയെ അറ്റ്കിന്‍സന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അവസാന വിക്കറ്റില്‍ മുഹമ്മദ് വസീമും ഹാരിസും റൗഫും വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്തു. അതോടെ സ്‌കോര്‍ 200 കടന്നു.
ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നു വിക്കറ്റു വീഴ്ത്തി. ആദില്‍ റഷീദ്, ഗസ് അറ്റ്കിന്‍സന്‍, മോയീന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റു വീതവും ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 337 റണ്‍സ്. ബെന്‍ സ്റ്റോക്‌സ് (76 പന്തില്‍ 84), ജോ റൂട്ട് (72 പന്തില്‍ 60), ജോണി ബെയര്‍സ്റ്റോ (61 പന്തില്‍ 59) എന്നിവര്‍ ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചറി നേടി.