ഓപ്പണര്‍മാരെ തെറിപ്പിച്ച് ഇന്ത്യ; ന്യൂസിലന്‍ഡിന് രക്ഷകരായി വില്യംസനും മിച്ചലും

ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ മത്സരത്തിലേക്ക് തിരിച്ചെത്തി ന്യൂസിലന്‍ഡ്. വന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ ന്യൂസിലന്‍ഡ് നേരിട്ടത്. 39 റണ്‍സിനിടെ ഓപ്പണര്‍മാരെ പുറത്താക്കി വന്‍ പ്രഹരമാണ് ഇന്ത്യ ഏല്‍പ്പിച്ചത്.

author-image
Web Desk
New Update
ഓപ്പണര്‍മാരെ തെറിപ്പിച്ച് ഇന്ത്യ; ന്യൂസിലന്‍ഡിന് രക്ഷകരായി വില്യംസനും മിച്ചലും

മുംബൈ: ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ മത്സരത്തിലേക്ക് തിരിച്ചെത്തി ന്യൂസിലന്‍ഡ്. വന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ ന്യൂസിലന്‍ഡ് നേരിട്ടത്. 39 റണ്‍സിനിടെ ഓപ്പണര്‍മാരെ പുറത്താക്കി വന്‍ പ്രഹരമാണ് ഇന്ത്യ ഏല്‍പ്പിച്ചത്. തുടര്‍ന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും ഡാരില്‍ മിച്ചലും രക്ഷകരായി ന്യൂസിലന്‍ഡിനെ മുന്നോട്ടുനയിക്കുകയാണ്.

നേരത്തെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ റണ്‍ മഴ പെയ്യിച്ചു. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറികളുടെ കരുത്തില്‍ ന്യൂസീലന്‍ഡിന് 398 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ് എടുത്തു.

വിരാട് കോലി ഏകദിന കരിയറിലെ 50-ാം സെഞ്ച്വറി സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടം കോലി സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 49 സെഞ്ചറികളെന്ന റെക്കോര്‍ഡാണ് കോലി മറികടന്നത്.

106 പന്തുകളില്‍ നിന്നാണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 113 പന്തില്‍ 117 റണ്‍സ് നേടിയ കോലി ടിം സൗത്തിയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കി 2 സിക്‌സും 9 ഫോറും ഉള്‍പ്പെടുന്ന ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ 1,500 റണ്‍സും രോഹിത് സെമി ഫൈനലില്‍ സ്വന്തമാക്കി. മത്സരത്തില്‍ 29 പന്തുകള്‍ നേരിട്ട താരം 47 റണ്‍സെടുത്താണ് പുറത്തായത്. ശുഭ്മന്‍ ഗില്‍ കടുത്ത പേശീവലിവിനേത്തുടര്‍ന്ന് 2-ാം ഓവറില്‍ ക്രീസ് വിട്ടു. നാലാം നമ്പരിലിറങ്ങിയ ശ്രേയസിനൊപ്പമാണ് കോലി സെഞ്ചറി പൂര്‍ത്തിയാക്കിയത്.

ശ്രേയസ് അയ്യര്‍ വമ്പന്‍ പ്രഹരമാണ് ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് നല്‍കിയത്. അതോടെ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. 70 പന്തുകള്‍ നേരിട്ട ശ്രേയസ് 105 റണ്‍സ് നേടി പുറത്തായി. 67 പന്തില്‍ നിന്നാണ് ശ്രേയസ് സെഞ്ചറി കണ്ടെത്തിയത്. ആറാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഒരു റണ്‍ മാത്രമേ എടുത്തുള്ളൂ.

ഇന്നിങ്‌സ് അവസാനിക്കാന്‍ നാലു പന്തു ശേഷിക്കേ ഗില്‍ ക്രീസിലേക്ക് മടങ്ങിയെത്തി. താരം 1 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ത്തൂള്ളൂ. ആകെ 66 പന്തു നേരിട്ട ഗില്‍ 3 ഫോറും 8 സിക്‌സും സഹിതം 80 റണ്‍സുമായി പുറത്താകാതെ നിന്നു.

കെ.എല്‍.രാഹുല്‍ ടീം സ്‌കോര്‍ നാനൂറിനരികെ എത്തിച്ചു. 20 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 39 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു.

ന്യൂസീലന്‍ഡിനായി ടിം സൗത്തി മൂന്നും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.

india cricket newzealand world cup cricket semi finals