ഇന്ത്യ തളര്‍ന്നുവീണു; തലയുയര്‍ത്തി ഓസീസ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും തളര്‍ന്നുവീണ് ഇന്ത്യ. ഓവലില്‍ ഓസ്‌ട്രേലിയയോട് 209 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി.

author-image
Web Desk
New Update
ഇന്ത്യ തളര്‍ന്നുവീണു; തലയുയര്‍ത്തി ഓസീസ്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും തളര്‍ന്നുവീണ് ഇന്ത്യ. ഓവലില്‍ ഓസ്‌ട്രേലിയയോട് 209 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി.

രണ്ടാം ഇന്നിംഗ്സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം ഓസിസ് സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സില്‍ 270/8 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്ത് ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 40 ഓവറില്‍ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. 60 പന്തില്‍ 44 റണ്‍സുമായി വിരാട് കോലിയും 59 ബോളില്‍ 20 റണ്‍സുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസില്‍. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍(19 പന്തില്‍ 18), രോഹിത് ശര്‍മ്മ(60 പന്തില്‍ 43), മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(47 പന്തില്‍ 27) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായിരുന്നു.

അഞ്ചാം ദിനത്തിലെ ആദ്യ സെഷന്‍ തന്നെ ടീം ഇന്ത്യക്ക് തിരിച്ചടികളുടേതായി. 78 പന്തില്‍ ഏഴ് ഫോറുകളോടെ 49 റണ്‍സെടുത്ത് നില്‍ക്കേ വിരാട് കോലിയെ സ്‌കോട്ട് ബോളണ്ട് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ എത്തിച്ചു. ഒരു പന്തിന്റെ ഇടവേളയില്‍ രവീന്ദ്ര ജഡേജയെ ബോളണ്ട് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളിലാക്കി. രണ്ട് പന്ത് നേരിട്ട ജഡ്ഡുവിന് അക്കൗണ്ട് തുറക്കാനായില്ല.

ഇതിന് ശേഷം ശ്രീകര്‍ ഭരതിനെ കൂട്ടുപിടിച്ച് അജിങ്ക്യ രഹാനെ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കെണിയൊരുക്കി. 108 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 46 റണ്‍സ് നേടിയ രഹാനെയെ ക്യാരി പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ഷര്‍ദ്ദുല്‍ താക്കൂറിനെ(5 പന്തില്‍ 0) എല്‍ബിയില്‍ തളച്ച് നേഥന്‍ ലിയോണ്‍ ഇന്ത്യക്ക് ഏഴാം പ്രഹരം നല്‍കി. വീണ്ടും പന്തെടുത്തപ്പോള്‍ സ്റ്റാര്‍ക്ക് ഉഗ്രന്‍ ബൗണ്‍സറില്‍ ഉമേഷ് യാദവിനെ(12 പന്തില്‍ 1) പറഞ്ഞയച്ചു.

ലിയോണിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്(41 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായപ്പോള്‍ അവസാനക്കാരന്‍ മുഹമ്മദ് സിറാജിനെ(6 പന്തില്‍ 1) പാറ്റ് കമ്മിന്‍സ് ക്യാച്ചില്‍ പറഞ്ഞയച്ചതോടെ ഓവലില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

നേരത്തെ, ഓസ്ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു.

india cricket australia wtc 2023 final