മൂന്നു പേര്‍ പുറത്ത്; പ്രതിരോധത്തില്‍ ഇന്ത്യ

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം പിരിയുമ്പോള്‍ മൂന്നിന് 164 എന്ന നിലയില്‍. 280 റണ്‍സ് പിറകിലാണ് ടീം.

author-image
Web Desk
New Update
മൂന്നു പേര്‍ പുറത്ത്; പ്രതിരോധത്തില്‍ ഇന്ത്യ

 

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം പിരിയുമ്പോള്‍ മൂന്നിന് 164 എന്ന നിലയില്‍. 280 റണ്‍സ് പിറകിലാണ് ടീം.

അജിന്‍ക്യ രഹാനെ (20), വിരാട് കോലി (44) എന്നിവരാണ് ക്രീസില്‍. ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഏകദിന ശൈലിയില്‍ ഗില്‍- രോഹിത് സഖ്യം ബാറ്റ് വീശി. എന്നാല്‍ സ്‌കോട്ട് ബോളണ്ട് ബ്രേക്ക് ത്രൂ നല്‍കി ഓസീസിന്. ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ച്. ടിവി അംപയറുടെ തീരുമാനം വിവാദത്തിലായി. കാമറൂണ്‍ ഗ്രീന്‍ ക്യാച്ചെടുക്കുമ്പോള്‍ പന്ത് നിലത്ത് തട്ടിയെന്നുള്ളത് ഒരു വാദം. വിക്കറ്റാണെന്നുള്ളത് മറ്റൊരു വാദം. എന്തായാലും ഗില്ലിന് മടങ്ങേണ്ടി വന്നു.

ഇതിനിടെ ഒരുവശത്ത് രോഹിത് ആക്രമണം തുടര്‍ന്നു. ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം 51 റണ്‍സ് ചേര്‍ക്കാന്‍ രോഹിത്തിനായി. എന്നാല്‍ അധികനേരം കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രോഹിത്.

അധികം വൈകാതെ പൂജാരയും (27) പവലിയനില്‍ തിരിച്ചെത്തി. കമ്മിന്‍സിന്റെ ബൗണ്‍സര്‍ അപ്പര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ക്യാരിക്ക് ക്യാച്ച്. പിന്നാലെ കോലി - രഹാനെ സഖ്യം പുറത്താവാതെ 71 റണ്‍സ് കൂട്ടിചേര്‍ത്തു.

രണ്ടാം ഇന്നിംഗില്‍ ഓസ്‌ട്രേലിയ എട്ടിന് 270 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 173 റണ്‍സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. പുറത്താവാതെ 66 റണ്‍സെടുത്ത അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക് (41), മര്‍നസ് ലബുഷെയ്ന്‍ (41) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായിരുന്നു. അജിന്‍ക്യ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

india cricket australia