ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച്, ഓസിസിനു മുന്നില്‍ താരങ്ങള്‍ തകര്‍ന്നടിഞ്ഞു!

ഓസീസിനായി പന്തെറിഞ്ഞ സ്റ്റാര്‍ക്കും കമിന്‍സും ഗ്രീനും ബോളന്‍ഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

author-image
Web Desk
New Update
ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച്, ഓസിസിനു മുന്നില്‍ താരങ്ങള്‍ തകര്‍ന്നടിഞ്ഞു!

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 29 റണ്‍സോടെ അജിങ്ക്യാ രഹാനെയും അഞ്ച് റണ്ണുമായി ശ്രീകര്‍ ഭരത്തും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. 48 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സ് നേടിയിരുന്നു.

ഓസീസ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് നല്ല തുടക്കമാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. കമിന്‍സിനെ ഗില്ലും പിന്നാലെ സ്റ്റാര്‍ക്കിനെ വീണ്ടും രോഹിത്തും ബൗണ്ടറി കടത്തി.

ആറാം ഓവറില്‍ ഗില്‍ കമിന്‍സിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 26 പന്തില്‍ 15 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സംഭാവന. അടുത്ത ഓവറില്‍ സ്‌കോട് ബോളന്‍ഡിന്റെ ഓഫ് സ്റ്റംപിലെത്തിയ പന്ത് ലീവ് ചെയ്ത ശുഭ്മാന്‍ ഗില്ലിന് പിഴച്ചു. അകത്തേക്ക് തിരിഞ്ഞ പന്തില്‍ ഗില്ലിന്റെ മിഡില്‍ സ്റ്റംപിളകി.

അടുത്തടുത്ത ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ 30-2ലേക്ക് വീണ ഇന്ത്യ പതറി. നാലാം നമ്പറിലെത്തിയ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 37ല്‍ എത്തിച്ച് ചായക്ക് പിരിഞ്ഞു.

എന്നാല്‍ ചായക്ക് പിന്നാലെ കാമറൂണ്‍ ഗ്രീനിന്റെ ലീവ് ചെയ്ത പന്തില്‍ ചേതേശ്വര്‍ പൂജാര ബൗള്‍ഡായി. 14 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന.

വിരാട് കോലി പിടിച്ചു നില്‍ക്കുമെന്ന് കരുതിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അപ്രതീക്ഷിത ബൗണ്‍സില്‍ കോലി സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. 14 റണ്‍സായിരുന്നു കോലി നേടിയത്.

71-4ലേക്ക് വീണ ഇന്ത്യയ ജഡേജയും രഹാനെയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി 100 കടത്തി. 71 റണ്‍സിന്റെ കൂട്ടുകെട്ടിന് പിന്നാലെ നേഥന്‍ ലിയോണിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്‍കി ജഡേജയും(48) വീണോതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു.

കമിന്‍സിന്റെ നോബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രഹാനെ രക്ഷപ്പെട്ടത് ഇന്ത്യക്ക് ആശ്വാസമായെങ്കിലും തള്ളവിരലില്‍ പന്ത് കൊണ്ട രഹാനെ പരിക്കുമായാണ് ബാറ്റ് ചെയ്തത്. ഓസീസിനായി പന്തെറിഞ്ഞ സ്റ്റാര്‍ക്കും കമിന്‍സും ഗ്രീനും ബോളന്‍ഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

cricket world test championship 2023