ഐഫോണ്‍ 15, ആപ്പിള്‍ വാച്ച് 9 സീരീസ് ചൊവ്വാഴ്ച എത്തും; വിശദാംശങ്ങൾ

'വണ്ടര്‍ലസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ വെച്ച് ഐഫോണ്‍ 15 സ്മാര്‍ട്‌ഫോണുകളും പുതിയ ആപ്പിള്‍ വാച്ചുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി

author-image
Greeshma Rakesh
New Update
ഐഫോണ്‍ 15, ആപ്പിള്‍ വാച്ച് 9 സീരീസ് ചൊവ്വാഴ്ച എത്തും; വിശദാംശങ്ങൾ

 

ആപ്പിള്‍ വീണ്ടും ഒരു വലിയ അവതരണ പരിപാടിക്ക് ഒരുങ്ങുകയാണ്. 'വണ്ടര്‍ലസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ വെച്ച് ഐഫോണ്‍ 15 സ്മാര്‍ട്‌ഫോണുകളും പുതിയ ആപ്പിള്‍ വാച്ചുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, യൂട്യൂബ്, സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ എന്നിവയിലൂടെ പരിപാടിയുടെ തത്സമയ സ്ട്രീമിങ് കാണാനാവും. സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് പരിപാടി.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത് നാല് മോഡലുകളാണ്. ഈ മോഡലുകള്‍ ഇത്തവണയും നിലനിര്‍ത്തും. എന്നാല്‍ ഇത്തവണ ആപ്പിള്‍ അഞ്ച് ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് ടിപ്സ്റ്റര്‍ ആയ മജിന്‍ ബു അവകാശപ്പെടുന്നത്.

കഴിഞ്ഞ തവണ ഐഫോണ്‍ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകളാണ് അവതരിപ്പിച്ചത്. ഇത്തവണ ഐഫോണ്‍ 15 സീരീസില്‍ പ്ലസ്, പ്രോ, പ്രോമാക്സ് മോഡലുകള്‍ക്കൊപ്പം ഐഫോണ്‍ 15 അള്‍ട്ര മോഡല്‍ കൂടി അവതരിപ്പിക്കുമെന്നാണ് വിവരം.

അതെസമയം പെരിസ്‌കോപ് സൂം ലെന്‍സ് ക്യാമറയുമായെത്തുന്ന ആപ്പിളിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ എന്ന പ്രത്യേകതയുണ്ട് ഐഫോണ്‍ പ്രോ മാക്‌സിന്. ഇതിന് പുറമെ ടൈറ്റാനിയം മിഡ് ഫ്രെയിമോടെ എത്തുന്ന ഫോണില്‍ ലിപോ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഒഎല്‍ഇഡി സ്‌ക്രീന്‍ ആണുണ്ടാവുക. കനം കുറഞ്ഞ ബെസലുകളായിരിക്കും ഇതില്‍. വലിയ ബാറ്ററിയും യുഎസ്ബി 3.2 പിന്തുണയ്ക്കുന്ന ടൈപ്പ് സി പോര്‍ട്ടും ഫോണിലുണ്ടാവും.

ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ അവതരിപ്പിക്കപ്പെട്ട ഡൈനാമിക് ഐലന്‍ഡ് എല്ലാ ഐഫോണ്‍ 15 മോഡലുകളിലും ഉണ്ടാവുമെന്നാണ് വിവരം. 120 ഹെര്‍്ടസ് റിഫ്രഷ് റെറ്റോ ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ സംവിധാനമോ ഫോണിനുണ്ടാവുമെന്നും സൂചനയുണ്ട്.

ആപ്പിള്‍ ഐഫോണുകള്‍ക്ക് വേണ്ടി മുമ്പ് അവതരിപ്പിച്ചിരുന്ന മൃഗത്തൊലി കൊണ്ടുള്ള ലെതര്‍ കെയ്‌സുകള്‍ ഒഴിവാക്കി ഇത്തവണ ഫൈന്‍ വൂവന്‍ ട്വില്‍ എന്ന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച പുതിയ തരം വസ്തുവില്‍ നിര്‍മിച്ച കെയ്‌സ് ആയിരിക്കും അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്.

അതെസമയം വലിയ അപ്‌ഗ്രേഡുകളോടെയായിരിക്കും ഇത്തവണത്തെ ആപ്പിള്‍ വാച്ച് 9 സീരീസ് എത്തുക എന്നാണ് വിവരം. പുതിയ വാച്ചില്‍ എസ്9 ചിപ്പ് സെറ്റ് ആയിരിക്കും ഉണ്ടാവുക എന്നാണ് വിവരം. എ15 ചിപ്പിന് സമാനമായ സാങ്കേതിക വിദ്യയില്‍ നിര്‍മിതമാണിത്.

മെച്ചപ്പെട്ട പ്രവര്‍ത്തന ക്ഷമതയും ബാറ്ററി ലൈഫും ഇതിന് ഉറപ്പുവരുത്താനാവും. ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ സെന്‍സര്‍ എന്നിവ അവതരിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇവ വാച്ച് 9 സീരീസില്‍ ഉണ്ടാവുമോ എന്ന് ഉറപ്പില്ല്.

കഴിഞ്ഞ വര്‍ഷത്തെ മോഡലുകളേക്കാള്‍ കൂടിയ വിലയിലായിരിക്കും ഇത്തവണത്തെ മോഡലുകള്‍ എത്തുക എന്നാണ് വിവരം. ഇക്കാരണത്താല്‍ 15 പ്രോ മാക്‌സ് മോഡലുകള്‍ക്ക് വില വളരെ കൂടുതലായിരിക്കും.ഇത്തവണ 100 ഡോളറിന്റെ വര്‍ധനവ് ഫോണുകള്‍ക്കുണ്ടാവുമെന്നാണ് വിവരം.

ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം 1099 ഡോളര്‍ വിലയുണ്ടായിരുന്ന പ്രോ മാക്‌സ് മോഡലിന് ഇത്തവണ 1199 ഡോളര്‍ വിലയാവും. പ്രോമാക്‌സ് മോഡലിന്റെ വില 1199 ഡോളറില്‍ നിന്ന് 1299 ഡോളറായി ഉയരും. പ്രോമാക്‌സ് മോഡലിന്റെ സ്‌റ്റോറേജ് ആരംഭിക്കുക 256 ജിബിയില്‍ ആയിരിക്കും. 128 ജിബി മോഡല്‍ ഒഴിവാക്കും.

launch apple wonderlust event iphone 15 series apple watch 9 series