/kalakaumudi/media/post_banners/4303947200946c97a8a768d5ebc0cd2b2b89146c4b5c621068fc361f098fa7ee.jpg)
ന്യൂഡൽഹി: റിലയന്‍സ് ജിയോ അൺലിമിറ്റഡ് ന്യൂ ഇയർ ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു. നേരത്തെ 2017 മാർച്ച് 31 വരെയായിരുന്നു ഫ്രീ ഓഫറിന്റെ കാലാവധി. ജിയോ പ്രൈം വരിക്കാർക്കെല്ലാം അൺലിമിറ്റഡ് സർവീസ് ലഭിക്കും. അതേസമയം, ഈ അൺലിമിറ്റഡ് സേവനം ലഭിക്കാൻ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അൺലിമിറ്റഡ് സേവനം ഉപയോഗിക്കാം.
മാർച്ച് ഒന്നിനും 31 നു ഇടയ്ക്ക് 99 രൂപ അടച്ച് പ്രൈം ടൈം ഓഫർ നീട്ടാം. പുതിയ ജിയോ വരിക്കാർക്കും 99 രൂപ അടച്ച് ഈ ഓഫർ നേടാവുന്നതാണ്. ഏപ്രിൽ ഒന്നു മുതൽ 303 രൂപ അടച്ച് ഒരു മാസത്തേക്ക് ഇപ്പോൾ കിട്ടുന്ന അൺലിമിറ്റഡ് പ്രൈം ടൈം ഓഫർ സ്വന്തമാക്കാം.
കേവലം അഞ്ചു മിനുറ്റുകള്‍ക്കുള്ളിലാണ് ജിയോ സിം ആക്റ്റിവേറ്റ് ചെയ്യുന്നത്. ലോകത്തില്‍ തന്നെ ഇത്രയും വേഗതയില്‍ ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന മൊബൈൽ സിം ഇല്ലെന്നാണ് റിപ്പോർട്ട്. വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ലക്ഷ്യം കണ്ടെന്നു സൂചന. സെപ്റ്റംബർ അഞ്ചിനു സേവനം ആരംഭിച്ച കമ്പനി മാർച്ച് അവസാനത്തോടെ 10 കോടി വരിക്കാർ എന്നാണു ലക്ഷ്യമിട്ടതെങ്കിലും ഈ മാസം തന്നെ എണ്ണം അത്രയുമെത്തിയെന്നാണ് അനൗദ്യോഗിക വിവരം.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 10 കോടി 4ജി വരിക്കാരെ നേടിയെന്ന പ്രഖ്യാപനം ഈയാഴ്ചതന്നെ ചെയർമാൻ മുകേഷ് അംബാനി നടത്തും. മാർച്ച് മൂന്നിനു സൗജന്യ ഡേറ്റ ഓഫറിൽ ചേരാനുള്ള സമയം അവസാനിക്കാനിരിക്കെ, അതിനുശേഷം പ്രാബല്യത്തിലാകുന്ന നിരക്കുകളും ഓഫറുകളുണ്ടെങ്കിൽ അതും ഈയാഴ്ച തന്നെ പ്രഖ്യാപിക്കും.
സൗജന്യങ്ങൾ അവസാനിക്കുമ്പോൾ വരിക്കാർ കൊഴിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ പുതിയ ഓഫറുകൾ പ്രഖ്യാപിക്കേണ്ടിവരും. നിലവിൽ ജിയോയുടെ വരിക്കാരിൽ ഭൂരിപക്ഷവും മറ്റു നെറ്റ്‌വർക്കുകളുടെയും വരിക്കാരാണ്. വില കുറഞ്ഞ 4ജി ഫോണുകൾ അവതരിപ്പിക്കുന്നതടക്കമുള്ള നടപടികൾ ജിയോ പ്രഖ്യാപിച്ചേക്കും.
ജിയോയുടെ ഇപ്പോഴത്തെ ഓഫറുകൾക്കെതിരെ എയർടെൽ, ഐഡിയ, വോഡഫോൺ എന്നീ പ്രമുഖ ടെലികോം കമ്പനികൾ നിയമപരമായും വിപണന തന്ത്രങ്ങളിലൂടെയും പോരാട്ടത്തിലാണ്. എല്ലാ കമ്പനികളുടെയും ലാഭം കുറയാൻ ജിയോ കാരണമായിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
