/kalakaumudi/media/post_banners/91eabbcb6bb68cf2254ec3079ea92fab2c4c667714640ab4f3b8a64db9818b4f.jpg)
ന്യൂയോര്‍ക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും തിരികെയെത്തുമോ.ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താൻ ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ തയ്യാറെടുക്കുന്നതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.മുൻ പ്രസിഡന്‍റിനെ തിരിച്ചു കൊണ്ടുവരണമോയെന്ന് ജനുവരി 7 നകം തീരുമാനിക്കുമെന്ന് മെറ്റ നേരത്തെ പറഞ്ഞിരുന്നു.
മെറ്റാ ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഒരു വർക്കിംഗ് ഗ്രൂപ്പിനെ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നാണ് സൂചന.എന്നാൽ ഇത് സംബന്ധിച്ച് റോയിട്ടേഴ്‌സ് ആരാഞ്ഞ ചോദ്യത്തിന് മെറ്റ ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടുമില്ല.കഴിഞ്ഞ നവംബറിൽ ട്വിറ്ററിന്‍റെ പുതിയ ഉടമയായ ഇലോൺ മസ്‌ക് ട്രംപിനെതിരായ സ്ഥിരമായ വിലക്ക് പിൻവലിച്ചിരുന്നു.
എന്നാൽ ട്വിറ്ററിലേക്ക് മടങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് ട്രംപ് അന്ന് പ്രതികരിച്ചത്.ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയും മത്സരിച്ചേക്കാം,പക്ഷേ അദ്ദേഹത്തിന് ഇനി ഫേസ്ബുക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നായിരുന്നു ആദ്യം ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നത്.വൈറ്റ് ഹൗസിൽ രണ്ടാം തവണയും അധികാരത്തിൽ വരുമെന്ന മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് കമ്പനി അറിയിച്ചത്.
എന്നാൽ വൈകാതെ നിലപാടിൽ മാറ്റം വരുത്തിയ കമ്പനി തീരുമാനം പുനപരിശോധിക്കുമെന്നും അറിയിച്ചു.2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിനെ ഫേസ്ബുക്കിൽ നിന്ന് പുറത്താക്കിയത്.ഫേസ്ബുക്കിൽ നിന്നുള്ള അദ്ദേഹത്തിന്റെ സസ്‌പെൻഷൻ രണ്ട് വർഷത്തിന് ശേഷമാണ് പരിഗണിക്കുന്നത്.
ജനുവരി ആറിലെ കലാപത്തെ തുടർന്ന്, ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ള സ്‌നാപ്ചാറ്റ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയും ട്രംപിനെ പുറത്താക്കിയിരുന്നു.തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും ട്രംപിനെ താൽക്കാലികമായി വിലക്കിയിരുന്നു.