/kalakaumudi/media/post_banners/b9826db08f4f2385fc1be64ef3613484c1fdf1da5b7b6c18a84001092a87bfb1.jpg)
സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ സേവനം ആരംഭിച്ച് മെറ്റ. ഉപയോക്താക്കൾക്ക് വെരിഫിക്കേഷൻ ബാഡ്ജ് ലഭ്യമാക്കുന്നതിന് പുറമെ അവരുടെ പ്രൊഫൈലുകൾക്ക് മതിയായ സംരക്ഷണവും ഇതിലൂടെ ലഭിക്കുമെന്നാണ് വിവരം.കഴിഞ്ഞ ഞായറാഴ്ചയാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കുന്നുവെന്ന് മെറ്റയുടെ മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചത്.
ഉപയോക്താക്കളുടെ പ്രൊഫൈലിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ കസ്റ്റമർ സർവ്വീസ് ടീമുമായി നേരിട്ട് സംവദിക്കാനുള്ള സംവിധാനവും പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഈ ആഴ്ചയോടെ സ്ബ്‌സ്‌ക്രിപ്ഷൻ സേവനം ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമെത്തും.പിന്നീട് അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുമെന്നാണ് വിവരം.
ഇൻഫ്‌ളുവൻസർമാർക്ക് മുൻഗണന
ഉപയോക്താക്കൾക്ക് സ്വമേധയാ സബ്‌സ്‌ക്രിപ്ഷൻ എടുക്കാവുന്നതാണ്. 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാകുകയുള്ളൂ.കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതെന്ന് മെറ്റ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.നിരവധി പേരിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.2022ൽ മെറ്റയുടെ പരസ്യ വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.
2012ൽ കമ്പനി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കുറവായിരുന്നു ഇത്.പണപ്പെരുപ്പം നിലവിലെ ഓൺലൈൻ പരസ്യ ദാതാക്കൾക്ക് വൻ തിരിച്ചടി നൽകിയിരിക്കുന്ന സാഹചര്യമാണ്.കൂടാതെ ഉപയോക്താക്കളുടെ ശ്രദ്ധ പല തരം ആപ്പുകളിലേക്കുമായി.വരുമാനത്തിനുള്ള പുതിയ മാർഗ്ഗമായാണ് പല കമ്പനികളും സബ്‌സ്‌ക്രിപ്ഷൻ സേവനത്തെ കാണുന്നത്.
കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ നിലനിർത്തുക എന്നതിലാണ് എല്ലാ പ്ലാറ്റ്‌ഫോമുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.കാരണം എല്ലാവരെയും ആകർഷിക്കുന്ന കണ്ടന്റ് നിർമ്മിക്കുന്നവർക്കാണ് പ്രാധാന്യം ലഭിക്കുകയെന്ന് ക്രിയേറ്റീവ് സ്‌ട്രാറ്റജീസ് അനലിസ്റ്റ് കാരോലിന മെലനെസി പറയുന്നു.സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോർഡ് എന്നിവയിലും അധിക സേവനങ്ങൾക്ക് പ്രതിമാസം ഉപയോക്താക്കൾ പണം ചെലവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
സമാനമായി ട്വിറ്ററിലും ചില മാറ്റങ്ങൾ കമ്പനി ഏറ്റെടുത്തയുടൻ ഇലോൺ മസ്‌ക് ഏർപ്പെടുത്തിയിരുന്നു.അക്കൗണ്ട് വെരിഫിക്കേഷൻ ഫീച്ചറിന് മാസം 7 ഡോളർ (578 രൂപ) ഏർപ്പെടുത്തിയിരുന്നു.ട്വിറ്ററിന്റെ ബ്ലൂ ചെക്ക് മാർക്ക് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾ മികച്ച രീതിയിൽ പ്രമോട്ട് ചെയ്യാനും വളരെ കുറച്ച് പരസ്യം മാത്രം കാണാനും സഹായിക്കുന്നുണ്ട്.തങ്ങളുടെ വരുമാന മാർഗ്ഗം കുറച്ചുകൂടി വ്യാപിപ്പിക്കാനാണ് മെറ്റയുടെ ശ്രമമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.