By Web Desk.09 08 2022
മുംബൈ: മെസേജിംഗ് പ്ലാറ്റ്‌ഫോം, വാട്‌സാപ് പുതിയ സവിശേഷതകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് പുതിയ ഫീച്ചറുകള്‍.
ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍നിന്ന് നിശബ്ദമായി പുറത്തുകടക്കുക, ചില മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണു വരുന്നത്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇന്‍ഡിക്കേറ്റര്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിനു തിരഞ്ഞെടുക്കാം.
ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റേറ്റസ് കാണേണ്ടവരെ ഓള്‍ യൂസേഴ്‌സ്, കോണ്ടാക്ട്‌സ് വണ്‍ലി, നോബഡി എന്നിങ്ങനെ തിരഞ്ഞെടുക്കാം. വ്യൂ വണ്‍സ് ആയി അയയ്ക്കുന്ന മെസേജുകള്‍, അയച്ചയാള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല.
ഗ്രൂപ്പുകളില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ ഇനി പുറത്തുകടക്കാം. പുറത്തുകടന്നു എന്ന തരത്തിലുള്ള നോട്ടിഫിക്കേഷന്‍ ഇനി ഗ്രൂപ്പുകളില്‍ തെളിയില്ല. എന്നാല്‍ എക്‌സിറ്റ് ആകുന്ന വിവരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറിയും.
ഈ ഫീച്ചറുകളെല്ലാം ഈ മാസം നിലവില്‍ വരും.