ഇനി 'മൃഗങ്ങളുടെ കണ്ണിലൂടെ ലോകത്തെ കാണാം' !പുതിയ കാമറയുമായി ശാസ്ത്രജ്ഞർ

നവീനമായ ക്യാമറയും സോഫ്‌റ്റ്‌വെയർ സംവിധാനവും ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ ഇനി നമുക്കും മൃഗങ്ങളുടെ കണ്ണിലൂടെ ലോകത്തെ കാണാം.

author-image
Greeshma Rakesh
New Update
ഇനി 'മൃഗങ്ങളുടെ കണ്ണിലൂടെ ലോകത്തെ കാണാം' !പുതിയ കാമറയുമായി ശാസ്ത്രജ്ഞർ

മൃഗങ്ങൾ എങ്ങനെയാകും ലോകത്തെ കാണുന്നതെന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല.എന്നാൽ ഇനി അധികം ചിന്തിക്കേണ്ടിവരില്ല. മൃഗങ്ങളുടെ കണ്ണിലൂടെ ലോകത്തെ കാണാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.

യു.എസ്, യു.കെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നവീനമായ ക്യാമറയും സോഫ്‌റ്റ്‌വെയർ സംവിധാനവും ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ ഇനി നമുക്കും മൃഗങ്ങളുടെ കണ്ണിലൂടെ ലോകത്തെ കാണാം.

അൾട്രാവയലറ്റ് മുതൽ ഇൻഫ്രാറെഡ് വരെയുള്ള വ്യത്യസ്ത തരം ലൈറ്റുകൾ കാണാൻ കഴിയുന്ന പ്രത്യേക നേത്രകോശങ്ങൾ ഓരോ മൃഗങ്ങൾക്കുമുണ്ട്. ഇതാണ് തങ്ങളുടെ ചുറ്റുപാടിൽ അതിജീവിക്കാൻ മൃഗങ്ങളെ സഹായിക്കുന്നത്.മനുഷ്യരെപോലെ അത്ര വ്യക്തതയില്ലാത്ത കാഴ്ചയാണ് മൃഗങ്ങളുടേത്.

മാത്രമല്ല ഓരോ മൃഗങ്ങളും ലോകത്തെ വീക്ഷിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ആതിനാൽ അവയുടെ കണ്ണുകളിലെ ഫോട്ടോറിസെപ്റ്ററുകൾ കാരണം കാഴ്ചയെ അതേപടി പകർത്തുകയെന്നത് തീർത്തും പ്രയാസമാണ്. ഉദാഹരണത്തിന് മനുഷ്യരെപ്പോലെ ട്രൈക്രോമാറ്റിക് ആണ് തേനീച്ചകൾ, എന്നിട്ടും നമ്മളിൽ നിന്ന് വ്യത്യസ്തമായി അൾട്രാവയലറ്റ് പ്രകാശം കാണാൻ കഴിയുന്നതിനാൽ അവർ ലോകത്തെ വ്യത്യസ്തമായിട്ടാണ് കാണുന്നത്. ഇനി പക്ഷികളിലേയ്ക്ക് വന്നാൽ അവ ടെട്രാക്രോമാറ്റുകളാണ്. അവയിൽ ചിലതിനും യു.വി ലൈറ്റ് കാണാൻ കഴിയും.

"പരിസ്ഥിതിശാസ്ത്രജ്ഞർക്കും ചലച്ചിത്ര പ്രവർത്തകർക്കും ചലനത്തിൽ മൃഗങ്ങൾ തിരിച്ചറിയുന്ന നിറങ്ങൾ കൃത്യമായി രേഖപ്പെടുത്താനുള്ള കഴിവ് നൽകുന്ന ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും അവതരിപ്പിക്കുക" എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശാസ്ത്രജ്ഞരുടെ ഗവേഷണ പ്രബന്ധത്തിൻ്റെ സംഗ്രഹം വെളിപ്പെടുത്തുന്നു.

അതിനപ്പുറം, ഈ സാങ്കേതികവിദ്യയ്ക്ക് ഒരു പ്രായോഗിക പ്രശ്നം പരിഹരിക്കാൻ കഴിയും, ജാലകങ്ങളുമായി പക്ഷികളുടെ കൂട്ടിയിടി തടയൽ. യുഎസിൽ ഏകദേശം 100 ദശലക്ഷം പക്ഷികൾ ഓരോ വർഷവും അത്തരത്തിൽ മരിച്ചുവീഴുന്നുണ്ട്, കാരണം പക്ഷികൾക്ക് കണ്ണാടികൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നില്ല. പുതിയ സാങ്കേതികവിദ്യയിലൂടെ അതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കാം.

പുതിയ ക്യാമറ സാങ്കേതികവിദ്യ യുവി, ചുവപ്പ്, നീല, പച്ച ചാനലുകളിൽ വീഡിയോകൾ റെക്കോർഡുചെയ്യുന്നു, വിവിധ മൃഗങ്ങൾ അവരുടെ ചുറ്റുപാടുകളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള ആശയം ലഭിക്കുന്നതിനായി പൈത്തൺ ഉപയോഗിച്ച് അവർ ഈ ചാനലുകളിൽ നിന്നുള്ള ഡാറ്റ പ്രോസസ്സ് ചെയ്യുന്നു.

മുകളിലെ വിഡിയോ പരിശോധിച്ചാൽ, നിങ്ങൾക്ക് നാല് വ്യത്യസ്ത കളർ പ്രൊഫൈലുകൾ കാണാം. ഇവിടെ, എ - എന്നത് മയിലിൻ്റെ കാഴ്ചയെയും, ബി- മനുഷ്യരെയും, സി- തേനീച്ചകളെയും, ഡി- നായ്ക്കളെയും സൂചിപ്പിക്കുന്നു. ഈ നാല് വ്യത്യസ്ത സബ്ജെക്ടുകൾ സൂര്യ വെളിച്ചത്തിൽ മയിൽപ്പീലിയെ കാണുന്നത് ഇങ്ങനെയാണ്.

ഈ സാങ്കേതികവിദ്യയുടെ കൃത്യത ഉറപ്പാക്കാൻ, ഗവേഷകർ സ്പെക്ട്രോഫോട്ടോമെട്രിയുമായി ഒരു താരതമ്യം നടത്തി. അൾട്രാവയലറ്റ് ലൈറ്റ് ഉൾപ്പെടെ വിവിധ വികിരണങ്ങൾ ഒരു വസ്തുവുമായി എങ്ങനെ ഇന്ററാക്ട് ചെയ്യുന്ന എന്ന് അളക്കുന്ന രീതിയാണ് സ്പെക്ട്രോഫോട്ടോമെട്രി. ഈ താരതമ്യത്തിൽ, പുതുതായി വികസിപ്പിച്ച വിഷ്വൽ ടെക്നോളജി 92%-ത്തിലധികം കൃത്യത പ്രകടമാക്കിയെന്നും ഗവേഷകർ അവകാശപ്പെടുന്നു.

മനുഷ്യർക്ക് മാത്രമല്ല, പൊതുവെ മൃഗങ്ങൾക്കും അവരുടെ കാഴ്ചയിൽ നിറങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണം കണ്ടെത്തുന്നതും വേട്ടയാടുന്നതും നല്ല ഇണയെ കണ്ടെത്തുന്നതിന് വരെ നിറം അവരം സഹായിക്കാറുണ്ട്.

അതിനാൽ എങ്ങനെയാണ് അവർ നിറങ്ങൾ മനസ്സിലാക്കുന്നു എന്നറിയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതിന് സഹായിക്കുന്ന പുതിയ കണ്ടെത്തൽ പരിസ്ഥിതിശാസ്ത്ര ലോകത്ത് ഒരു വലിയ ചുവടുവെപ്പായിരിക്കുമെന്നതിൽ സംശയം വേണ്ട.

technology scientists video camera animals eyes