ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ച് ആമസോണ്‍; 5 മാസത്തെ പിരിച്ചുവിടല്‍ ശമ്പളം വാഗ്ദാനം

By Shyma Mohan.12 01 2023

imran-azhar

 


ന്യൂഡല്‍ഹി: ആമസോണില്‍ പിരിച്ചുവിടലുകള്‍ നടക്കുന്നതായി സ്ഥിരീകരണം. ഇന്ത്യയില്‍ നിന്നുള്ള പലരും ഉള്‍പ്പെടെ 18000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചു.

 

ടെക്, ഹ്യൂമന്‍ റിസോഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലായി ആമസോണ്‍ ഇന്ത്യയില്‍ ഏകദേശം 1000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മുന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇതിന് തുടക്കമായതാണ് സൂചനകള്‍. ജനുവരി 18ന് ശേഷം കമ്പനി പിരിച്ചുവിടല്‍ ബാധിച്ച ജീവനക്കാരുമായി ആശയവിനിമയം നടത്തുമെന്ന് ജാസി കഴിഞ്ഞ ആഴ്ചയിലെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചിരുന്നു.

 

തങ്ങളെ പിരിച്ചുവിട്ടതായും പുതിയ അവസരങ്ങള്‍ക്കായി തുറന്നിരിക്കുന്നതായും നിരവധി ജീവനക്കാര്‍ ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകളിലുടനീളം ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒന്നിലധികം വകുപ്പുകളെ പിരിച്ചുവിടലുകള്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക നഷ്ടം നേരിടുന്ന ടീമുകളെയാണ് ഏറ്റവും കൂടുതല്‍ തീരുമാനം ബാധിക്കുന്നത്. പിരിച്ചുവിട്ടവരില്‍ പുതുമുഖങ്ങളും പരിചയസമ്പന്നരായ ജീവനക്കാരുമുണ്ട്.



തീരുമാനം അറിയിച്ചുകൊണ്ട് ആമസോണ്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചുതുടങ്ങിയിട്ടുണ്ട്. ഇമെയിലില്‍ അഞ്ചു മാസത്തെ പിരിച്ചുവിടല്‍ ശമ്പളം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ആമസോണിലെ പിരിച്ചുവിടലുകള്‍ ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

 

കഴിഞ്ഞ ആഴ്ചയിലെ ബ്ലോഗ്പോസ്റ്റില്‍, ആമസോണ്‍ സിഇഒ പാന്‍ഡെമിക് സമയത്ത് സ്ഥാപനം അമിതമായി നിയമനം നടത്തിയെന്നും അതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടതുണ്ടെന്നും പറഞ്ഞു. അനിശ്ചിതത്വമുള്ള സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അവലോകനം കൂടുതല്‍ ബുദ്ധിമുട്ടാണ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ അതിവേഗം നിയമനം നടത്തിയിരുന്നതായും ആമസോണ്‍ സിഇഒ ഔദ്യോഗിക ബ്ലോഗ്പോസ്റ്റില്‍ കുറിച്ചു.

 

18,000ത്തിലധികം റോളുകള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. നിരവധി ടീമുകളെ ഇത് ബാധിക്കും; എന്നിരുന്നാലും, റോള്‍ എലിമിനേഷനുകളില്‍ ഭൂരിഭാഗവും ഞങ്ങളുടെ ആമസോണ്‍ സ്റ്റോറുകളിലും പിഎക്‌സ്ടി ഓര്‍ഗനൈസേഷനുകളിലുമാണെന്നും ജാസി കുറിച്ചു. ബാധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ആശ്വാസമെന്ന നിലയില്‍, പിരിച്ചുവിടല്‍ വേതനം, ആരോഗ്യ ആനുകൂല്യങ്ങള്‍, മറ്റ് ആവശ്യമായ പിന്തുണ എന്നിവ നല്‍കുമെന്ന് ജാസി വാഗ്ദാനം ചെയ്തു.

 

 

 

 

OTHER SECTIONS