By Shyma Mohan.10 01 2023
സാന്‍ഫ്രാന്‍സിസ്‌കോ: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഇലോണ്‍ മസ്‌ക്. ഗിന്നസില്‍ കയറിയത് വ്യക്തിഗത സാമ്പത്തിക നഷ്ടത്തിന്റെ റെക്കോര്‍ഡിട്ടതിന്.
കഴിഞ്ഞ വര്‍ഷം 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയ ട്വിറ്റര്‍ ഏറ്റെടുക്കലിനും തുടര്‍ന്നുണ്ടായ പ്രക്ഷുബ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം, ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 200 ബില്യണ്‍ ഡോളര്‍ കുറഞ്ഞപ്പോള്‍, ചരിത്രത്തില്‍ ഇത്രയും വലിയ തുക നഷ്ടപ്പെടുന്ന ആദ്യത്തെ വ്യക്തിയായി അദ്ദേഹം മാറിയിരുന്നു.
ഇപ്പോഴിതാ, ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടതിന്റെ മോശം ഖ്യാതി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അംഗീകരിച്ചതോടെ ഇലോണ്‍ മസ്‌ക് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടത്തിന്റെ ലോക റെക്കോര്‍ഡ് ഇലോണ്‍ മസ്‌ക് ഔദ്യോഗികമായി തകര്‍ത്തു എന്നാണ് പത്രക്കുറിപ്പില്‍ ഗിന്നസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
56 ബില്യണ്‍ ഡോളര്‍ നഷ്ടമായ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സോണിന്റെ പേരിലാണ് മുമ്പ് ഈ റെക്കോര്‍ഡ് ഉണ്ടായിരുന്നതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. കൃത്യമായ കണക്ക് കണ്ടെത്തുക അസാധ്യമാണെങ്കിലും, മസ്‌കിന്റെ മൊത്തം നഷ്ടം 2000ല്‍ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സണ്‍ സ്ഥാപിച്ച 58.6 ബില്യണ്‍ ഡോളറിന്റെ മുന്‍ റെക്കോര്‍ഡിനെ മറികടക്കുന്നതാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.