മസ്‌കിന്റെ രാജിയെക്കുറിച്ചുള്ള വോട്ടെടുപ്പ് ഫലം പുറത്ത്

ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നടക്കുന്ന നാടകങ്ങള്‍ അവസാനിക്കുന്നില്ല.

author-image
Shyma Mohan
New Update
മസ്‌കിന്റെ രാജിയെക്കുറിച്ചുള്ള വോട്ടെടുപ്പ് ഫലം പുറത്ത്

സാന്‍ഫാന്‍സിസ്‌കോ: ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നടക്കുന്ന നാടകങ്ങള്‍ അവസാനിക്കുന്നില്ല.

ട്വിറ്ററിന്റെ മേധാവിത്വം ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. അതിനു പിന്നാലെ താന്‍ ട്വിറ്ററിന്റെ തലപ്പത്തു നിന്ന് മാറണോ എന്ന ചോദ്യവുമായി എത്തിയിരുന്നു മസ്‌ക്. അതിനായി ഉപയോക്താക്കള്‍ക്കായി വോട്ടെടുപ്പും നടത്തി. ഇപ്പോള്‍ ഫലം പുറത്തുവന്നിരിക്കുകയാണ്.

വോട്ടെടുപ്പ് പ്രകാരം മസ്‌ക് ട്വിറ്ററിന്റെ തലപ്പത്തു നിന്ന് ഒഴിയണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്. മസ്‌ക് പുറത്തുപോകണമെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതായ വോട്ടെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മസ്‌കിന്റെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ ഇതെന്ന ചോദ്യം ബാക്കിയാവുകയാണ്. എന്തായാലും മസ്‌ക് ഒഴിയുമോ, ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലം ഞാന്‍ അംഗീകരിക്കുമെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മറ്റ് അക്കൗണ്ടുകള്‍ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ വോട്ടെടുപ്പ് നീക്കം.

ഞങ്ങളുടെ ഉപയോക്താക്കളില്‍ പലരും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. പക്ഷേ ട്വിറ്ററില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രമോഷന്‍ ഇനി അനുവദിക്കില്ല എന്നാണ് ട്വിറ്റിന്റെ പുതിയ നിലപാട്. ഇതുള്‍പ്പെടെ ട്വിറ്ററിലെ പ്രധാന മാറ്റങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണ് മസ്‌ക് വോട്ടിങ് നടത്തിയത്.

മസ്‌ക് നിലവില്‍ ഏക ബോര്‍ഡ് അംഗമായി സേവനം അനുഷ്ഠിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ട്വിറ്ററിലെ എല്ലാ ടീമുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയുമാണ്. സിഇഒയായിരുന്ന പരാഗ് അഗര്‍വാള്‍, നിയമ മേധാവി വിജയ് ഗഡ്ഡെ തുടങ്ങി ഉന്നത പദവികളില്‍ ഇരിക്കുന്നവരെ മസ്‌ക് യാതൊരു വിശദീകരണവുമില്ലാതെ പുറത്താക്കിയിരുന്നു.

elon-musk