ട്വിറ്റര്‍ ഓഫീസുകളെ കിടപ്പുമുറികളാക്കി മാറ്റി ഇലോണ്‍ മസ്‌ക്

കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്കായി ട്വിറ്റര്‍ ഓഫീസ് മുറികളെ കിടപ്പുമുറികളാക്കി പരിഷ്‌കരിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്.

author-image
Shyma Mohan
New Update
ട്വിറ്റര്‍ ഓഫീസുകളെ കിടപ്പുമുറികളാക്കി മാറ്റി ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്കായി ട്വിറ്റര്‍ ഓഫീസ് മുറികളെ കിടപ്പുമുറികളാക്കി പരിഷ്‌കരിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. കുറച്ചു ദിവസങ്ങള്‍ക്ക് മസ്‌ക് ട്വിറ്ററിലെ ജീവനക്കാരോട് കഠിനമായ തൊഴില്‍ സംസ്‌കാരത്തോട് പ്രതിബദ്ധത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് നിരവധി പേര്‍ രാജിവെക്കുകയുമുണ്ടായി.

ദൈര്‍ഘ്യമേറിയ ജോലി സമയവും ആവശ്യമുള്ളപ്പോള്‍ ഓഫീസില്‍ തങ്ങുന്നതും ഉള്‍പ്പെടെയുള്ള കഠിനമായ തൊഴില്‍ സംസ്‌കാരമാണ് മസ്‌ക് മുന്നോട്ടുവെച്ചത്. എന്തായാലും നിര്‍ദ്ദേശം അര്‍ത്ഥവത്താക്കി സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്ത് മസ്‌ക് കിടപ്പുമുറികള്‍ സജ്ജമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തിനു ശേഷം തിരികെ ജോലിക്കെത്തിയ ജീവനക്കാരെ സ്വീകരിച്ചത് മെത്തകളും ഡ്രാബ് കര്‍ട്ടനുകളും ഭീമന്‍ കോണ്‍ഫറന്‍സ് റൂം ടെലിപ്രസന്‍സ് മോണിറ്ററുകളുമുള്ള കിടപ്പുമുറികളുമാണ്.

തിളക്കമുള്ള ഓറഞ്ച് പരവതാനി, തടികൊണ്ടുള്ള ബെഡ്സൈഡ് ടേബിളും ഒരു ക്വീന്‍ സൈസ് ബെഡും ഒരു ടേബിള്‍ ലാമ്പും രണ്ട് ഓഫീസ് കസേരകളും സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനത്തെ കിടപ്പുമുറികളിലുണ്ടെന്നാണ് ഫോര്‍ബ്‌സ് പുറത്തുവിട്ട ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. 

കമ്പനിയുടെ പ്രൊഡക്ട് ലീഡ് എസ്തര്‍ ക്രോഫോര്‍ഡ് അമിത ജോലി ഭാരത്താല്‍ സ്ലീപ്പിംഗ് ബാഗ് ഉപയോഗിച്ച് ഉറങ്ങിയിരുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യപ്രദമാണ് പുതിയ കിടപ്പുമുറികള്‍. ക്രോഫോര്‍ഡ് ഓഫീസ് തറയില്‍ ഉറങ്ങുന്ന ചിത്രം സഹപ്രവര്‍ത്തക പങ്കിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മസ്‌ക് തന്റെ ജീവനക്കാരെ ഏറെ പണിയെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചപ്പോഴാണ് പോസ്റ്റ് വന്നത്.

Elon Musk turns some Twitter office rooms into bedrooms