ഇന്റര്‍നെറ്റ് കോളിംഗ് ആപ്പുകള്‍ക്ക് ലൈസന്‍സ് കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍

By Shyma Mohan.22 09 2022

imran-azhar

 


ന്യൂഡല്‍ഹി: കോളിംഗ്, സന്ദേശം അയക്കല്‍ സേവനങ്ങള്‍ നല്‍കുന്ന വാട്‌സ്ആപ്പ്, സൂം, ഗൂഗിള്‍ ഡുയോ തുടങ്ങിയ ആപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു.

 

കരട് ബില്ലില്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിന്റെ ഭാഗമായി ഒടിടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളും ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകളും ലഭ്യമാക്കാന്‍ സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടേണ്ടതുണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു.

 

ടെലികോം, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥ ബില്ലില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ടെലികോം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ദാതാവ് തന്റെ ലൈസന്‍സ് സറണ്ടര്‍ ചെയ്താല്‍ ഫീസ് റീഫണ്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥയും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

ഇന്ത്യന്‍ ടെലികോം ബില്ലിന്റെ കരട് 2022-നെ കുറിച്ച് നിങ്ങളുടെ അഭിപ്രായം തേടുന്നതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റില്‍ കരട് ബില്ലിന്റെ ലിങ്കും അദ്ദേഹം പങ്കിട്ടു. കരട് രേഖയില്‍ പൊതുജനാഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്.

 

 

 

 

OTHER SECTIONS