തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) മുന്‍നിര പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്റെ പോര്‍ട്ടല്‍, ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് 2022 ലെ പ്ലാറ്റിനം പുരസ്‌കാരം.
ജനുവരി ഏഴിനു ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അവാര്‍ഡ് സമ്മാനിച്ചു. കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് സ്വീകരിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. തൊഴിലന്വേഷകരുടെ സൈക്കോമെട്രി വിശകലനം, കരിയര്‍ പ്രൊഫൈലിംഗ്, ഭാഷാ പരിശീലനവും വ്യക്തിത്വവികസനവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലാംഗ്വേജ് അധിഷ്ഠിത തൊഴില്‍ പൊരുത്തപ്പെടുത്തല്‍, വര്‍ക്ക് ഫ്രം ഹോം/ വര്‍ക്ക് നിയര്‍ ഹോം തുടങ്ങിയ സംവിധായനങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. നിലവില്‍ 11.35 ലക്ഷം തൊഴിലന്വേഷകര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 3,54,759 ഒഴിവുകള്‍ ഇതുവരെ സമാഹരിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ സുപ്രധാന പരിപാടിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ദേശീയ തലത്തിലുള്ള ഈ പ്ലാറ്റിനം പുരസ്‌കാരമെന്ന് ഡോ. പി വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.