സംസ്ഥാനത്ത് 2000 ഇടങ്ങളില്‍ സൗജന്യ വൈഫൈ

കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെ ഓപ്റ്റിക് ഫൈബര്‍ കേബിള്‍ വലിക്കുന്ന ബൃഹദ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈഫൈ വിതരണത്തില്‍ സ്വയംപര്യാപ്തമാകാനും സര്‍ക്കാരിനാകും.

author-image
S R Krishnan
New Update
സംസ്ഥാനത്ത് 2000 ഇടങ്ങളില്‍ സൗജന്യ വൈഫൈ

തിരുവനന്തപുരം: കേരളത്തിലെ ബസ് സ്‌റ്റേഷനുകള്‍ പാര്‍ക്കുകള്‍ പൊതു ഇടങ്ങള്‍ എന്നിവ മൂന്നു മാസത്തിനുള്ളില്‍ സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകളാവും. ജൂലൈയിലെ ബജറ്റില്‍ പ്രഖ്യാപിച്ച 1000 വൈഫൈ ഹോട്‌സ്‌പോട്ടുകളും ഈ ബജറ്റിലെ വാഗ്ദാനമായ 1000 വൈഫൈയും ചേര്‍ത്തു 2000 വൈഫൈ ഹോട്‌സ്‌പോട്ടുകളാണു സ്ഥാപിക്കുന്നത്. ബസ് സ്‌റ്റേഷന്‍, പാര്‍ക്ക്, റെയില്‍വേ സ്‌റ്റേഷന്‍, സിവില്‍ സ്‌റ്റേഷന്‍, കോളജുകള്‍, സര്‍വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ വൈഫൈ ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കാനാണു തീരുമാനം. ഒരു എംബിപിഎസ് മുതല്‍ 10 എംബിപിഎസ് വരെ വേഗത്തില്‍ വൈഫൈ സിഗ്‌നലുകള്‍ ഫോണിലും ലാപ്‌ടോപ്പിലും ടാബ്‌ലെറ്റിലും സ്വീകരിക്കാനാകും. ആശാസ്യകരമല്ലാത്ത ഉള്ളടക്കങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല. ഒരു ഉപകരണത്തില്‍ ഒരു ദിവസം 200 എംബി വരെ ഡേറ്റ ലഭിക്കും. ജനങ്ങള്‍ക്ക് ഈ പദ്ധതി ഉപകാരപ്പെടുന്ന ഇടങ്ങള്‍ കണ്ടെത്തി പട്ടിക തയാറാക്കി ഈ മാസംതന്നെ അറിയിക്കാന്‍ ജില്ലാ കലക്ടര്‍മാരോട് ഐടി വകുപ്പ് ആവശ്യപ്പെട്ടു. പട്ടിക ലഭിച്ചാല്‍ ഉടന്‍ മൊബൈല്‍ സേവനദാതാക്കളില്‍നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു പ്രവൃത്തി ആരംഭിക്കും. 50 കോടി രൂപ ചെലവിട്ടാണ് ഐടി മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഉപയോഗിക്കാവുന്ന സൗജന്യ ഡാറ്റാ പരിധി ദിവസവും 200 എം ബി ആണ്, ഇതിനു ശേഷമുള്ള ഡാറ്റയാക്ക് പണം നല്‍കേണ്ടി വരും, ഇങ്ങനെ ലഭിക്കുന്ന തുക സേവനദാതാവിനു വാര്‍ഷിക ഫീസായി നല്‍കും. 100 മീറ്റര്‍ പരിധിക്കുള്ളില്‍ സിഗ്‌നലുകള്‍ നല്‍കാനാകുന്ന ഉപകരണങ്ങളാണു സ്ഥാപിക്കുക. രണ്ടാം ഘട്ടത്തില്‍ നിരീക്ഷണ ക്യാമറകള്‍ കൂടി ഇതോടൊപ്പം സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെ ഓപ്റ്റിക് ഫൈബര്‍ കേബിള്‍ വലിക്കുന്ന ബൃഹദ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈഫൈ വിതരണത്തില്‍ സ്വയംപര്യാപ്തമാകാനും സര്‍ക്കാരിനാകും.

Free Wifi