ചന്ദ്രനിലേക്ക് പോവാന്‍ ഏറ്റവും വലിയ റോവര്‍ തയ്യാറെടുക്കുന്നു; 2026 ല്‍ വിക്ഷേപിക്കും

ഇത്രയും വലുപ്പവും ഭാരവുമുള്ളതിനാല്‍ ഒട്ടേറെ ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ ഈ റോവറിന് ചന്ദ്രനില്‍ ചെയ്യാന്‍ സാധിക്കും. 2026ല്‍ ഇതു വിക്ഷേപിക്കും.

author-image
Ashli Rajan
New Update
ചന്ദ്രനിലേക്ക് പോവാന്‍ ഏറ്റവും വലിയ റോവര്‍ തയ്യാറെടുക്കുന്നു; 2026 ല്‍ വിക്ഷേപിക്കും

ചന്ദ്രനിലേക്ക് എത്താന്‍ റോവര്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇതുവരെ പോയിട്ടുള്ളതില്‍വച്ച് ഏറ്റവും വലുപ്പമുള്ളതാണിത്.

രണ്ട് ടണ്ണിലധികമാണ് ഫ്‌ലെക്‌സ് റോവറിന്റെ ഭാരം. ഇത്രയും വലുപ്പവും ഭാരവുമുള്ളതിനാല്‍ ഒട്ടേറെ ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ ഈ റോവറിന് ചന്ദ്രനില്‍ ചെയ്യാന്‍ സാധിക്കും. 2026ല്‍ ഇതു വിക്ഷേപിക്കും.

വെഞ്ചുറി ആസ്‌ട്രോലാബ് എന്ന ബഹിരാകാശ കമ്പനി ഒരുക്കുന്ന ഫ്‌ലെക്‌സിബിള്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് എക്‌സ്‌പ്ലൊറേഷന്‍ (ഫ്‌ലെക്‌സ്) റോവറാണ് സംഭവം. സ്‌പേസ് എക്‌സ് കമ്പനിയുടെ നിര്‍മാണത്തിലിരിക്കുന്ന വമ്പന്‍ റോക്കറ്റായ സ്റ്റാര്‍ഷിപ്പിലേറ്റിയാകും റോവറിനെ ചന്ദ്രനിലെത്തിക്കുക. നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായിരിക്കും സ്റ്റാര്‍ഷിപ്.

ഇതുവരെ ചന്ദ്രനിലേക്ക് അയച്ച റോവറുകളെല്ലാം തന്നെ ഏതെങ്കിലും തരത്തില്‍ ഒരു ദൗത്യവുമായാണ് അവിടെ പോയത്. എന്നാല്‍ ഫ്‌ലെക്‌സ് ഇങ്ങനെ ഒറ്റകാര്യത്തില്‍ ഫോക്കസ് ചെയ്തു പോകുന്ന റോവര്‍ അല്ല. വ്യത്യസ്തങ്ങളായ ഒട്ടേറെ ദൗത്യങ്ങളും ലക്ഷ്യങ്ങളും ഈ റോവറില്‍ നിക്ഷിപ്തമാണ്. വലിയ മൂല്യമുള്ള പരീക്ഷണങ്ങള്‍ ചന്ദ്രനില്‍ നടത്തുന്നതു മുതല്‍ സാങ്കേതികവിദ്യാപ്രദര്‍ശനം വരെ ഇതിന്റെ അജന്‍ഡയിലുണ്ട്. ഭാവിയില്‍ ചന്ദ്രനിലേക്ക് ചെല്ലുന്ന എല്ലാ മനുഷ്യദൗത്യങ്ങള്‍ക്കും ഫ്‌ലെക്‌സ് റോവര്‍ സഹായിയായി പ്രവര്‍ത്തിക്കും.

1500 കിലോ വരെ ഭാരം വഹിക്കാനും ഈ റോവറിനു ശേഷിയുണ്ട്. ലഗേജുകള്‍ വഹിക്കുന്നതു കൂടാതെ വൈദ്യുതി, ഡേറ്റ തുടങ്ങിയ ഒട്ടേറെ സേവനങ്ങളും യാത്രികര്‍ക്കായി നല്‍കാന്‍ റോവറിനു കഴിയും. ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തില്‍ റോവറുകള്‍ എത്തിച്ചത്. യുഎസും റഷ്യയും ചൈനയുമാണ് ഇവര്‍. 1969ല്‍ ലൂണ 17 എന്ന ബഹിരാകാശപേടകത്തിലേറ്റി ചന്ദ്രനിലെത്തിച്ച ലൂണോഖോഡ് 1 എന്ന റോവറാണ് ചന്ദ്രനിലെത്തിയ ആദ്യ റോവര്‍. ചന്ദ്രനിലെ സീ ഓഫ് റെയിന്‍സ് എന്ന മേഖലയിലാണ് ഈ റോവര്‍ ഇറങ്ങിയത്.

അപ്പോളോ 15,16,17 ദൗത്യങ്ങള്‍ക്കായി 19711972 കാലയളവില്‍ ലൂണാര്‍ റോവിങ് വെഹിക്കിള്‍ എന്ന 4 വീലുള്ള റോവര്‍ അമേരിക്ക ചന്ദ്രനിലിറക്കി. 2 യാത്രികരെ വഹിക്കാന്‍ കഴിവുള്ളതായിരുന്നു ഇത്. ചൈനയുടെ യുട്ടു റോവര്‍ അവരുടെ ചാങ്ങി 3 ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലിറങ്ങിയത്. ചൈനയുടെ ആദ്യ ചാന്ദ്ര റോവറാണ് ഇത് 2016ല്‍ ഈ റോവര്‍ പ്രവര്‍ത്തനം നിര്‍ത്തി.

tech