പാസ്‌വേഡ് ഷെയറിംഗ് നിര്‍ത്തുന്നത് സ്ഥിരീകരിച്ച് നെറ്റ്ഫ്‌ളിക്‌സ്

By Shyma Mohan.24 01 2023

imran-azhar

 

 

വരുമാനവും, ഉപയോക്താക്കളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നെറ്റ്ഫ്‌ലിക്സ് അടുത്തിടെയാണ് പരസ്യത്തോട് കൂടിയ പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ചത്.

 

കൂടാതെ, സ്ട്രീമിംഗ് പ്ലാറ്റ്ഫോം ചില വിപണികളില്‍ പാസ്വേഡ് ഷെയറിംഗും അവസാനിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി പാസ്വേഡ് ഷെയറിംഗ് ഓപ്ഷന്‍ ഘട്ടം ഘട്ടമായി എല്ലാവര്‍ക്കും അവസാനിക്കുമെന്ന് മുന്‍ നെറ്റ്ഫ്‌ലിക്സ് സിഇഒ റീഡ് ഹേസ്റ്റിംഗ്സ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.

 

ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്സ് പാസ്വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ അവസാനിക്കുമെന്ന് പുതിയ കോ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരായ (സിഇഒ) ഗ്രെഗ് പീറ്റേഴ്സും ടെഡ് സരണ്ടോസും ബ്ലൂംബര്‍ഗിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കുന്നതിന് സുഹൃത്തുക്കളെയും മറ്റുള്ളവരെയും ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ പ്ലാറ്റ്ഫോമില്‍ ആക്സസ് ലഭിക്കാന്‍ പണം നല്‍കേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

 

റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റ്ഫ്‌ലിക്സിനായി പണമടയ്ക്കാത്ത, എന്നാല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും ഉടന്‍ തന്നെ ഉള്ളടക്കം കാണുന്നതിന് പണം നല്‍കേണ്ടിവരുമെന്ന് പീറ്റേഴ്സ് പറഞ്ഞു. എന്നിരുന്നാലും, നിയന്ത്രിത പാസ്വേഡ് പങ്കിടല്‍ പുറത്തിറക്കിയതിന് ശേഷവും സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഉപഭോക്തൃ അനുഭവം നഷ്ടപ്പെടുത്തില്ലെന്ന് പീറ്റേഴ്സ് വെളിപ്പെടുത്തി.

 

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം അതിന്റെ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാസ്വേര്‍ഡ് പങ്കിടുന്നത് തടയുന്നത്. ആഡ്-സപ്പോര്‍ട്ടഡ് പ്ലാന്‍ അവതരിപ്പിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. ഇതിന്റെ ഭാഗമായി അധിക തുക മുടക്കമില്ലാത്ത ഉപയോക്താക്കള്‍ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഒരു പുതിയ പ്ലാന്‍ നെറ്റ്ഫ്‌ളിക്സ് അടുത്തിടെ ആരംഭിച്ചിരുന്നു.

 

അതേസമയം, ആഗോളതലത്തില്‍ പാസ്വേഡ് പങ്കിടല്‍ പരിമിതപ്പെടുത്തിയാല്‍ അസന്തുഷ്ടരായ നിരവധി ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും അദ്ദേഹം അംഗീകരിച്ചു. എന്നാല്‍ ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരിക്കാരുടെ എണ്ണം 15-20 ദശലക്ഷം വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. നെറ്റ്ഫ്‌ലിക്സ് ഉപയോഗിക്കുന്നതിന് നിലവില്‍ പണം നല്‍കാത്ത എല്ലാ ഉപയോക്താക്കളും അവര്‍ കാണുന്ന ഉള്ളടക്കത്തിന് പണം നല്‍കേണ്ടി വരുമെന്ന് പീറ്റേഴ്സ് കൂട്ടിച്ചേര്‍ത്തു.

 

കോസ്റ്റാറിക്ക, ചിലി, പെറു തുടങ്ങിയ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പാസ്വേഡ് ഷെയറിംഗ് സംവിധാനം കമ്പനി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളില്‍, മറ്റൊരാളുടെ നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് നെറ്റ്ഫ്‌ലിക്സ് 3 യുഎസ് ഡോളര്‍ (ഏകദേശം 250 രൂപ) ഈടാക്കുന്നു.

 

ഇന്ത്യയിലെ ഒരു ഉപയോക്താവില്‍ നിന്ന് ഇതിനായി എത്ര തുക ഈടാക്കുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഈ തുക ആഗോള വിലനിര്‍ണ്ണയത്തിന് തുല്യമായിരിക്കാനാണ് സാധ്യത. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 മാര്‍ച്ച് മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളില്‍ പുതിയ പാസ്വേഡ് ഷെയറിംഗ് സംവിധാനം നെറ്റ്ഫ്‌ലിക്സ് പുറത്തിറക്കും.

 

നെറ്റ്ഫ്‌ലിക്സ് ഫ്രീലോഡര്‍മാരെ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യം കാലങ്ങളായി ഉയരുന്നുണ്ട്. ഐപി അഡ്രസുകള്‍, ഡിവൈസ് ഐഡികള്‍, അക്കൗണ്ട് പ്രവര്‍ത്തനം എന്നിവയിലൂടെ നെറ്റ്ഫ്‌ലിക്സ് പുതിയ പാസ്‌വേഡ് പങ്കിടല്‍ നിയമം നടപ്പിലാക്കുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം മുമ്പ് വിശദീകരിച്ചിരുന്നു. ഇതുവഴി, കുടുംബത്തിന് പുറത്തുള്ള ഉപയോക്താക്കളെ തിരിച്ചറിയുകയും നെറ്റ്ഫ്‌ലിക്സ് ഉള്ളടക്കം സൗജന്യമായി കാണുന്നത് തടയുകയും ചെയ്യും.

 

OTHER SECTIONS