ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് 15 സെക്കന്‍ഡായി കുറച്ച വാട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി വര്‍ദ്ധിപ്പിക്കുന്നു.വാട്സ് ആപ്പിന്റെ 2.20.166 ബീറ്റാ അപ്ഡേറ്റിലാണ് സ്റ്റാറ്റസ് ദൈര്‍ഘ്യം 30 സെക്കന്‍ഡാക്കിയിരിക്കുന്നത്. ബീറ്റാ ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ സ്റ്റാറ്റസ് 30 സെക്കന്‍ഡാക്കി മാറ്റാം. എന്നാല്‍ എല്ലാവരിലേക്കും ഇത് എത്തണമെങ്കില്‍ അല്പനാള്‍ കൂടി കാത്തിരിക്കണം. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റ് ട്രാഫിക് കുറയ്ക്കുന്നതിനും വ്യാജ വാര്‍ത്തകളുടെ പ്രചാരണം കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.