ഇന്ത്യയില്‍ 23 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് നിരോധനം

By Shyma Mohan.01 12 2022

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചു. ഉപയോക്താക്കളുടെ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് റൂള്‍ 4(1)(ഡി) അനുസരിച്ചാണ് നടപടി. വാട്ട്സ്ആപ്പ് സുരക്ഷാ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് 2022 ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ 23, 24,000 വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് വെളിപ്പെടുത്തല്‍. ആകെയുള്ള 23 ലക്ഷം അക്കൗണ്ടുകളില്‍ 8.11 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ ഉപയോക്തൃ പരാതികള്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വാട്ട്സ്ആപ്പ് നിരോധിച്ചു. കമ്പനിയുടെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവയെ നിരോധിച്ചത്. വാട്ട്സ്ആപ്പിന്റെ പരാതി സംവിധാനങ്ങള്‍ വഴി ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്ട്സ്ആപ്പ് അതിന്റെ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചത്.

 

ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഇടം നല്‍കുന്നതിന് സജ്ജമാണെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തന്നെ ദുരുപയോഗം തടയുന്നതിന് നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കല്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

 

സ്പാം സന്ദേശങ്ങളെക്കുറിച്ച് ഒന്നിലധികം പരാതികള്‍ ലഭിച്ചാലോ, പ്ലാറ്റ്ഫോം നല്‍കിയ നിബന്ധനകള്‍ ഉപയോക്താവ് ലംഘിക്കുന്നതായി കണ്ടെത്തിയാലോ വാട്സ്ആപ്പ് ഉപയോക്താക്കളെ വിലക്കുന്നു. സ്പാമിംഗില്‍ നിന്നും, അജ്ഞാതര്‍ക്ക് സന്ദേശമയയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉപയോക്താക്കളോട് നിര്‍ദേശിക്കുന്നു.

 

സ്പാം, തട്ടിപ്പുകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഓട്ടോമേറ്റഡ് സംവിധാനം വാട്ട്സ്ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. രജിസ്‌ട്രേഷന്‍ സമയത്ത്, സന്ദേശം അയക്കുമ്പോള്‍, മോശം ഫീഡ്ബാക്കിനുള്ള പ്രതികരണ സമയത്ത് എന്നിങ്ങനെയാണിത്. പരാതികളും, മറ്റ് പ്രതികരണങ്ങളും ഉപയോക്തൃ റിപ്പോര്‍ട്ടുകളുടെയും, ബ്ലോക്കുകളുടെയും രൂപത്തിലാണ് വാട്ട്സ്ആപ്പ് സ്വീകരിക്കുന്നത്.

OTHER SECTIONS