നിയന്ത്രണങ്ങളോടെ ബിജിഎംഐ തിരിച്ചെത്തി; ആപ്പ് ഒറ്റ ദിവസം ഡൗണ്‍ലോഡ് ചെയ്തത് നിരവധി പേര്‍

By Priya .30 05 2023

imran-azhar

 

ഡല്‍ഹി: പബ്ജി ഹരമായി മാറിയപ്പോഴാണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഗെയിം നിരോധിച്ചത്. പിന്നീട് ബിജിഎംഐ എന്ന ഗെയിമെത്തിയെങ്കിലും ഇതേ കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ അത് നിരോധിച്ചിരുന്നു.

 

വിലക്കുകള്‍ നീങ്ങിയതോടെ താല്ക്കാലികമായി തിരിച്ചെത്തിയിരിക്കുകയാണ് ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) ഗെയിം.ഇന്നലെയാണ് ഗെയിം ഇന്ത്യയില്‍ റീലോഞ്ച് ചെയ്തത്.

 

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഗെയിം ലഭിച്ചു തുടങ്ങി. കുട്ടി ഗെയിമര്‍മാരടക്കം മൂന്ന് മാസത്തോളം കേന്ദ്ര സര്‍ക്കാരിന്റെ നീരിക്ഷണത്തിലായിരിക്കും.

 

ഉപയോക്താക്കള്‍ ഗെയിമിന് അടിമകളാകുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാകും ബിജിഎംഐ-ക്ക് രാജ്യത്ത് തുടരാനുള്ള അനുമതി ലഭിക്കുക.


ഗെയിം നിയന്ത്രണങ്ങളോടെയാണ് ആളുകളിലേക്ക് എത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ദിവസത്തില്‍ മൂന്ന് മണിക്കൂറും മുതിര്‍ന്നവര്‍ക്ക് ആറ് മണിക്കൂറുമാണ് ഗെയിം കളിക്കാന്‍ സാധിക്കുക. ബാക്കിയുള്ള സമയങ്ങളില്‍ ഗെയിമിങ് ഐഡി നിയന്ത്രണ വിധേയമായിരിക്കും.

 

ബിജിഎംഐ കളിക്കാരുടെ സിറ്റി ലൊക്കേഷനും അറിയാനാകും. ഷൂട്ട് ചെയ്യുമ്പോള്‍ ചുവന്ന നിറത്തില്‍ രക്തം ചിതറുന്നതും കാണില്ല. ചുവപ്പിന് പകരം പച്ച, മഞ്ഞ നിറങ്ങളാണ് നല്കിയിരിക്കുന്നത്.

 

ബിജിഎംഐ നിരവധി പേരാണ് ഒറ്റ ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.ജനപ്രിയ ഗെയിമായിരുന്ന പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ).

 

നേരത്തെ സുരക്ഷാ ഭീക്ഷണികള്‍ ചൂണ്ടിക്കാട്ടി പബ്ജി മൊബൈലും മറ്റ് ആപ്പുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ചായിരുന്നു ആപ്പ് നിരോധിച്ചത്.

 

ഈ സമയത്താണ് കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ ഇന്ത്യയില്‍ ബിജിഎംഐ എന്ന ഗെയിം അവതരിപ്പിച്ചത്. ഗെയിം ഇന്ത്യയില്‍ റിലീസ് ചെയ്‌തെങ്കിലും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് കമ്പനി ഗെയിമില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്.

 

OTHER SECTIONS