/kalakaumudi/media/post_banners/f335f1c953f000aaef9bf6756a5ee690ce4fdf7e79b9c29f7c1e27e694d2c3af.jpg)
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ അടുത്ത വർഷം 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്.4ജി നെറ്റ്‌വർക്ക് ആരംഭിക്കുന്നതിനായി ടിസിഎസ്, സി ഡോട്ട് നേതൃത്വത്തിലുള്ള കൺസോർഷ്യം ഷോർട്ലിസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ കരാറുകൾ നൽകി ഒരു വർഷത്തിനകം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് തീരുമാനം.5ജി സേവനങ്ങൾ, ബിഎസ്എൻഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഒഡിഷയിൽ ജിയോയുടെയും എയർട്ടലിന്റെയും 5ജി സേവനങ്ങൾ ആരംഭിക്കുന്ന ചടങ്ങിലായിരുന്നു അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം.ആദ്യ ഘട്ടത്തിൽ ഭുബനേശ്വറിലും കട്ടക്കിലുമാണ് സേവനം ആരംഭിച്ചത്.രണ്ട് വർഷത്തിനുള്ളിൽ ഒഡിഷയിൽ മുഴുവൻ 5ജി സേവനങ്ങൾ ലഭ്യമാക്കും.സംസ്ഥാനത്തെ ടെലികോം കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിന് മോദി സർക്കാർ 5,600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യം 5ജിയിലേക്ക് മാറിത്തുടങ്ങിയിട്ടും 4ജിയിലേക്കുള്ള ബിഎസ്എൻഎലിന്‍റെ യാത്ര പാതിവഴിയിലായി നിൽക്കുകയാണ്.സ്വകാര്യ കമ്പനികളെല്ലാം 5ജി സേവനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎൽ ഈ വർഷം നവംബറിൽ 4ജി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.എന്നാൽ പ്രഖ്യാപനം എങ്ങുമെത്തിയിരുന്നില്ല.
അതിനിടയിലാണ് പുതിയ പ്രഖ്യാപനം. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ വർഷം നവംബറിൽ 4ജിയിലേക്ക് മാറുകയും അടുത്ത വർഷം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും മുൻപ് തന്നെ അറിയിച്ചിരുന്നു.ഒക്ടോബർ ഒന്ന് മുതൽ 5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചിരുന്നു.
ഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 5ജി സേവനം രാജ്യത്തിന് സമർപ്പിച്ചത്.ആദ്യ ഘട്ടത്തിൽ രാജ്യത്തെ 13 നഗരങ്ങളിലായിരുന്നു സേവനം ലഭ്യമാക്കിയത്.അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നഗരങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും 5ജി സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് അന്നേ പ്രഖ്യാപനം ഉണ്ടായിരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
