ചന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈയില്‍; ചന്ദ്രനില്‍ ലാന്റര്‍ ഇറക്കും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ വെച്ചാവും വിക്ഷേപണം.

author-image
Greeshma Rakesh
New Update
ചന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈയില്‍; ചന്ദ്രനില്‍ ലാന്റര്‍ ഇറക്കും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ട് നാല് വര്‍ഷത്തിനു ശേഷം വീണ്ടുമൊരു ചന്ദ്രയാന്‍ ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ചന്ദ്രയാന്‍ 3 ഈ വരുന്ന ജൂലൈയില്‍  വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ വെച്ചാവും വിക്ഷേപണം.ചന്ദ്രനില്‍ സൂര്യവെളിച്ചം എത്തിച്ചേരാത്ത ഇരുണ്ട ഭാഗത്താണ് ചന്ദ്രയാന്‍ 3 ലാന്റര്‍ ഇറക്കുക.

 

ചന്ദ്രയാന്‍ 3-ന്റെ തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചന്ദ്രയാന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നത് യുആര്‍ രാവു സാറ്റലൈറ്റ് സെന്ററില്‍ വെച്ചാണ്. ജൂലൈ പകുതിയോടെ ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ല്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം.

ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിന്യസിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചു. എന്നാല്‍ ലാന്റര്‍ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു.

ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയൊരു ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ 3യ്ക്ക് ഉണ്ടാവില്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെ പുതിയ ദൗത്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തും. അതായത് സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ലാന്ററും അതിനുള്ളിലായുള്ള റോവറുമായിരിക്കും പുതിയ ദൗത്യത്തില്‍ വിക്ഷേപിക്കുക. ലാന്റര്‍ സുരക്ഷിതമായി ഇറങ്ങിയാല്‍ പര്യവേക്ഷണത്തിനുള്ള റോവറും വിന്യസിക്കും.

Chandrayan 3 Technology News isro