ഒരു സെക്കന്റിൽ 150 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാം; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റുമായി ചൈന

By Greeshma Rakesh.22 11 2023

imran-azhar

 

 പൊതുവെ ഡാറ്റയുടെ വേഗത ഓരോ ഇന്റർനെറ്റ് ഉപയോക്താവിനെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ്.എന്നാൽ ചൈന ഈയിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ചിരുന്നു.ഇതുവഴി നിങ്ങൾക്ക് ഒരു സെക്കന്റ് കൊണ്ട് 150 HD സിനിമകൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

 

ഇത് കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും,സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. സിൻഹുവ യൂണിവേഴ്സിറ്റി, ചൈന മൊബൈൽ, HUAWEI, CERNET.com കോർപ്പറേഷൻ എന്നിവ സംയുക്തമായാണ് പദ്ധതി വികസിപ്പിച്ചതെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

 


സാധാരണ ഒരു സിനിമ ഡൌൺലോഡ് ചെയ്യാൻ കുറഞ്ഞത് 10 മിനിട്ടെങ്കിലും വേണ്ടിവരാറുണ്ട്. എന്നാൽ ഒരു സെക്കന്റ് പോലും വേണ്ടെന്ന് പറഞ്ഞാൽ അത് അത്രപ്പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ല.അപ്പോൾ ദൈർഘ്യമുള്ള ഒരു സിനിമ സെക്കന്റിൽ 150 തവണ കൈമാറാൻ സാധിക്കും എന്നുപറഞ്ഞാലോ? അത് പലർക്കും അവശ്വസനീയമായിരിക്കും.

 

എന്നാൽ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ്. പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് പുതിയ ഇന്റർനെറ്റ് സേവനത്തിന് സെക്കൻഡിൽ 1.2 ടെറാബൈറ്റ് ഡാറ്റ കൈമാറാൻ കഴിയും. സൌത്ത ചൈന മോണിങ് പോസ്റ്റ് എന്ന മാധ്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

 

ചൈനയുടെ ഇൻറർനെറ്റ് ശൃംഖല 3000 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. കൂടാതെ രാജ്യത്തെ പ്രധാന നഗരങ്ങളായ ബീജിംഗ്, വുഹാൻ, ഗ്വാങ്‌ഷു എന്നിവയെ ബന്ധിപ്പിക്കുന്നുമുണ്ട്. ഇത് ഒരു പതിറ്റാണ്ട് നീണ്ട ഉദ്യമത്തിന്റെയും സെർനെറ്റിന്റെ (ചൈന എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് നെറ്റ്‌വർക്ക്) മുന്നേറ്റത്തിന്റെയും ഫലമാണ്.

 


സാധാരണ നെറ്റ്‌വർക്കിനേക്കാൾ പത്തിരട്ടി കൂടുതൽ വഹിക്കാൻ പുതിയ ഇന്റർനെറ്റിനു കഴിയുമെന്നും ഇത് ചെലവ് കുറഞ്ഞതാണെന്നും സിൻഹുവ സർവകലാശാലയിലെ സു മിംഗ്‌വെ പറഞ്ഞു. ചൈനയിലെ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ഈ വേഗതയേറിയ ഇന്റർനെറ്റ് പ്രധാനമാണ്. ഹൈ സ്പീഡ് ഇന്റർനെറ്റ് വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ സംരക്ഷണം, ബിസിനസ്സ് തുടങ്ങി നിരവധി മേഖലകൾക്കും പ്രയോജനമാകും.

 

 

 

 

OTHER SECTIONS