
ന്യൂഡല്‍ഹി: ഡയറക്ട് ടു മൊബൈല്‍ (ഡി2എം) സേവനം പൈലറ്റ് അടിസ്ഥാനത്തില്‍ ഉടന്‍ 19 നഗരങ്ങളില്‍ ആരംഭിക്കും. സ്മാര്‍ട് ഫോണില്‍ ഇന്റര്‍നെറ്റ്, സെല്ലുലര്‍ സിഗ്‌നല്‍ ഇല്ലാതെ ടെലിവിഷന്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യാനുള്ള സേവനമാണ് ഡി2എം. ഡല്‍ഹിയിലും ബെംഗളൂരുവിലും നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഫോണ്‍ ഫ്‌ലൈറ്റ് മോഡിലാണെങ്കില്‍ പോലും ടിവി ചാനലുകള്‍ കാണാം.
പരീക്ഷണം വിജയമാകുകയും ഇതുസംബന്ധിച്ച നയരൂപീകരണം സാധ്യമാകുകയും ചെയ്താല്‍ അടുത്ത വര്‍ഷത്തോടെ പരിമിത തോതില്‍ സൗകര്യം ലഭ്യമാകും. പ്രസാര്‍ ഭാരതിയുടെ ഭൂതല സംപ്രേഷണത്തിനുള്ള അടിസ്ഥാന സൗകര്യമാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
പഴയ ടെലിവിഷന്‍ ആന്റിന പോലെ തന്നെ ഫോണുകളും ഡിജിറ്റല്‍ ടിവി സിഗ്‌നലുകള്‍ സ്വീകരിക്കും. ടവറുകളില്‍ നിന്നുള്ള സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ ഫോണില്‍ പ്രത്യേക ചിപ് ആവശ്യമാണ്. ചിപ് ഇല്ലാത്ത ഫോണുകളുടെ ചാര്‍ജിങ് പോര്‍ട്ടില്‍ കുഞ്ഞന്‍ റിസീവര്‍ കണക്റ്റ് ചെയ്യാം. ഫോണിലെ എഫ്എം റേഡിയോ പ്രവര്‍ത്തിക്കുന്നതിനു സമാനമായിരിക്കും പ്രവര്‍ത്തനം.
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ചാനല്‍ ലൈവ് സ്ട്രീമിങ് കാണുമ്പോള്‍ ടെലികോം ശൃംഖലയില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.