ഡിജിറ്റല്‍ സിനിമാ ക്യാമറാ ബ്രാന്‍ഡായ റെഡ് ഇനി നിക്കോണിനൊപ്പം

ചലച്ചിത്ര നിര്‍മാണ രംഗത്ത് ഉപയോഗിക്കുന്ന റെഡ് വണ്‍ 4കെ, വി റാപ്റ്റര്‍ എക്സ് തുടങ്ങിയ ഡിജിറ്റല്‍ സിനിമാ ക്യാമറകള്‍ പുറത്തിറക്കിയ റെഡിനെ മുന്‍നിര ക്യാമറാ ബ്രാന്‍ഡുകളിലൊന്നായ നിക്കോണ്‍ ഏറ്റെടുത്തു.

author-image
anu
New Update
ഡിജിറ്റല്‍ സിനിമാ ക്യാമറാ ബ്രാന്‍ഡായ റെഡ് ഇനി നിക്കോണിനൊപ്പം

 

ന്യൂഡല്‍ഹി: ചലച്ചിത്ര നിര്‍മാണ രംഗത്ത് ഉപയോഗിക്കുന്ന റെഡ് വണ്‍ 4കെ, വി റാപ്റ്റര്‍ എക്സ് തുടങ്ങിയ ഡിജിറ്റല്‍ സിനിമാ ക്യാമറകള്‍ പുറത്തിറക്കിയ റെഡിനെ മുന്‍നിര ക്യാമറാ ബ്രാന്‍ഡുകളിലൊന്നായ നിക്കോണ്‍ ഏറ്റെടുത്തു. ഇതോടെ റെഡ് നിക്കോണിന്റെ സഹസ്ഥാപനമായി മാറും.

2005 ല്‍ ജെയിംസ് ജന്നാര്‍ഡ് ആരംഭിച്ച റെഡ്, ഡിജിറ്റല്‍ സിനിമാ ക്യാമറകള്‍ക്കിടയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചിരുന്നു. റോ കംപ്രഷന്‍ സാങ്കേതിക വിദ്യയോടുകൂടിയുള്ള റെഡ് വണ്‍ 4കെ മുതല്‍ വി റാപ്റ്റര്‍ എക്സ് വരെയുള്ള ക്യാമറകള്‍ സിനിമാ നിര്‍മാണ മേഖലയില്‍ വലിയ സ്വീകാര്യത നേടിയവയാണ്.

ഇന്ത്യന്‍ സിനിമാ രംഗത്തും ഹോളിവുഡ് സിനിമാരംഗത്തുമെല്ലാം റെഡ് ക്യാമറകളുടെ സജീവ ഉപഭോക്താക്കളുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോ ചിത്രീകരണത്തിന് അനുയോജ്യമായ വിധത്തിലാണ് റെഡ് ക്യാമറകള്‍ ഒരുക്കിയിട്ടുള്ളത്.

1917 ല്‍ ആരംഭിച്ച നിക്കോണ്‍, ക്യാമറയെ കൂടാതെ മൈക്രോസ്‌കോപ്പുകള്‍, ബൈനോകുലറുകള്‍, കണ്ണടകളുടെ ലെന്‍സുകള്‍, റൈഫിള്‍ സ്‌കോപ്പ് തുടങ്ങി വിവിധ രംഗങ്ങളില്‍ സജീവമാണ്.

റെഡിനെ ഏറ്റെടുക്കുന്നതോടെ ഡിജിറ്റല്‍ സിനിമാ ക്യാമറാ വിപണിയിലേക്ക് പ്രവേശിക്കാന്‍ നിക്കോണിനാവും. ക്യാമറാ ഉല്പാദന, വിപണന, ഹാര്‍ഡ് വെയര്‍ രംഗങ്ങളിലുള്ള നിക്കോണിന്റെ സ്വാധീനവും ശേഷിയും പ്രയോജനപ്പെടുത്താന്‍ റെഡിനുമാവും. നിലവില്‍ 220 ജീവനക്കാരാണ് റെഡ്ഡിനുള്ളത്. കാലിഫോര്‍ണിയയിലെ ഫൂട്ഹില്‍ റാഞ്ചിലാണ് റെഡിന്റെ ആസ്ഥാനം.

technology red nikon