/kalakaumudi/media/post_banners/0fc50aade1bc82f6460fc86ef94163179537f7a0f947422d01509f5b2e689647.jpg)
കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സംവിധാനം ഒരുക്കി ഫെയ്സ്ബുക്ക്. ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനായി ഫെയ്സ് റെക്കഗ്‌നിഷന്‍ എന്ന പുതിയ സംവിധാനമാണ് ഉള്‍പ്പെടുത്തുന്നത്.
അക്കൗണ്ട് വെരിഫിക്കേഷന്‍ വേഗത്തിലാക്കാന്‍ പുതിയ സംവിധാനം അവതരിപ്പിക്കുന്നതിനായി പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. അക്കൗണ്ട് റിക്കവറി ചെയ്യുമ്പോഴാണ് സംവിധാനം ഉപയോഗിക്കാന്‍ കഴിയുക. ലോഗിന്‍ ചെയ്ത ഡിവൈസുകളിലായിരിക്കും പുതിയ സേവനം ലഭ്യമാവുകയെന്നും ഫെയ്സ്ബുക്ക് പ്രതിനിധി ടെക് ക്രഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന വീഡിയോ ചാറ്റ് ഡിവൈസ് വികസിപ്പിക്കാനും ഫെയ്സ്ബുക്കിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആപ്പിളിന്റെ ഐഫോണ്‍ പത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം അവതിരിപ്പിച്ചിട്ടുണ്ട്. നിരവധി ആന്‍ഡ്രോയ്ഡ് ഉപകരണ നിര്‍മ്മാതാക്കളും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സൗകര്യത്തോടുകൂടിയുള്ള ഉപകരണങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലുമാണ്. ഈ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് പോലുള്ള സ്ഥാപനങ്ങളും പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ആരംഭിക്കുന്നത്.
അതേസമയം ഫേഷ്യല്‍ റെക്കൊഗ്നിഷന്‍ സംവിധാനത്തിന്റെ സുരക്ഷിതത്വവും, അതുവഴി ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കുണ്ടാകുന്ന ഭീഷണികളും ചര്‍ച്ചയാവുന്നുമുണ്ട്. എന്തായാലും എത്രത്തോളം ഉപയോഗപ്രദമാണ് ഈ സംവിധാനമെന്ന് കണ്ടറിയണം.