By Lekshmi.07 02 2023
ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം അൻപതോളം സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വനി വൈഷ്ണവ് വെള്ളിയാഴ്ച രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
2022-23 കാലയളവിലെ കണക്കാണിത്.2020 മുതൽ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് സിപിഐ അംഗം ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങൾ അറിയിച്ചത്.
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരമനുസരിച്ചാണ് അറിയിപ്പ്.ഇതനുസരിച്ച് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ മൊത്തം 59, 42, 50 വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.യഥാക്രമം 2020, 2021, 2022 വർഷങ്ങളിലായാണ് സംഭവം നടന്നിരിക്കുന്നത്.
2020, 2021, 2022 വർഷങ്ങളിൽ യഥാക്രമം 283581, 432057, 324620 മാലിഷ്യസ് സ്കാം കണ്ടെത്തുകയും തടയുകയും ചെയ്തതായി സിഇആർടി-ഇൻ അറിയിച്ചിട്ടുണ്ട്.സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരങ്ങൾ അനുസരിച്ച്, 2020, 2021, 2022 വർഷങ്ങളിൽ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മൊത്തം ആറ്, ഏഴ്, എട്ട് എന്നിങ്ങനെ ഡാറ്റാ ലംഘന സംഭവങ്ങൾ നിരീക്ഷിക്കപ്പെട്ടതായും കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു.