
ദില്ലി: ഡിജിറ്റൽ ലോകത്ത് മറ്റൊരു അത്ഭുതവുമായി കേന്ദ്ര സർക്കാർ. ക്യാഷ്‌ലെസ്സ് ഇക്കോണോമിയിലേക്ക് പുതിയൊരു ചുവടുവെപ്പ്. ക്യാഷ്ലെസ് ഇക്കണോമിയിലേക്കുള്ള കേന്ദ്രസർക്കാറിൻറെ ചുവട്മാറ്റം വേഗത്തിലാക്കാൻ ഭീം ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആധാർ അധിഷ്ഠിത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭീം ആപ്പിലൂടെ പ്ലാസ്റ്റിക് മണി, വിസാ, മാസ്റ്റർ കാർഡ് തുടങ്ങിയ കാർഡ് കമ്പനികൾ പേടിഎം പോലുള്ള ഡിജിറ്റൽ വാലറ്റുകൾ എന്നിവയെ കവച്ച് വയ്ക്കാം എന്നാണ് കേന്ദ്രം കരുതുന്നത്.
ആൻഡ്രോയിഡ് ഫോണുള്ള ആർക്കും ഈ ആപ്പ് ഉപയോഗിക്കാമെന്നും ഭാവിയിൽ തള്ളവിരൽ ഉപയോഗിച്ച് മാത്രം ആളുകൾക്ക് സാമ്പത്തിക ഇടപാടുകൾ നടത്താമെന്നുമാണ് ഇന്ന് ദില്ലിയിൽ ഈ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാർ ഈ ആപ്പ് ആദ്യം തങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യണം. ഇതോടൊപ്പം ഒരു ബയോമെട്രിക് റീഡർ മെഷീനും വാങ്ങേണ്ടി വരും. നിലവിൽ രണ്ടായിരം രൂപയാണ് ഒരു ബയോമെട്രിക് മെഷീനിന്റെ വിപണി വില.രണ്ടാഴ്ചയ്ക്ക് ശേഷമേ ആപ്ലിക്കേഷൻ പൂർണമായും പ്രവർത്തിച്ച് തുടങ്ങൂ. ആപ്പിൽ കൂടുതൽ പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്.
*99# എന്ന നമ്പർ ഡയൽ ചെയ്ത് ഏതുതരത്തിലുള്ള മൊബൈലിൽ നിന്നും അക്കൗണ്ടിലെ പണം കൈമാറ്റം ചെയ്യാനും ബാലൻസ് അറിയാനും അക്കൗണ്ട് ഹിസ്റ്ററി പരിശോധിക്കാനുമുള്ള സംവിധാനവും ഭീം ആപ്പിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല.
ഭീം ആപ്പ് പ്രവർത്തിക്കുന്ന വിധം
ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാരനും ഉപയോക്താവിനും ആപ്പ് വേണം, ഉപഭോക്താവും ഭീം ആപ്പ് ഡൗൺലോഡ് ചെയ്യുകയും ആധാർ നമ്പർ അതിൽ രജിസ്റ്റചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിൻറെ വിവരവും ആപ്പിൽ ചേർക്കാം.
ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടിൽ വൺ ടൈം പാസ്പേർഡ്, എടിഎം പിൻ നമ്പറിനും പകരം ഫിംഗർ പ്രിൻറാണ് പാസ് വേർഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറിൽ കൈവിരൽ അമർത്തണം.
വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാൾ തന്നെ എന്നുറപ്പാക്കും.
ഭീം ആപ്പ് വഴി കൈമാറാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ട്രാൻസാക്ഷനിൽ 10,000 രൂപയും പ്രതിദിനം 20,000 രൂപയുമാണ് ആപ്പിലെ പരിധി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
