/kalakaumudi/media/post_banners/b9bac4b65fc1913164261208a477b3d9aa4a441d6908a229ccb46b8e08161553.jpg)
സാറ്റലൈറ്റ് ഫോണ്‍ കമ്പനി ഇറിഡിയവും ചിപ് നിര്‍മാതാക്കളായ ക്വാല്‍കോമും കൈ കോര്‍ത്തതോടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സാറ്റലൈറ്റ് കണക്ടിവിറ്റി വരുന്നു.അടിയന്തര സാഹചര്യങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍.ഇതേ ഫീച്ചര്‍ 2022 സെപ്റ്റംബറില്‍ ഐഫോണ്‍ 14ല്‍ അവതരിപ്പിക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.
ആപ്പിള്‍ പ്രഖ്യാപിച്ച ഈ സൗകര്യം വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും ലഭ്യമാവും.അടിയന്തര സാഹചര്യങ്ങളില്‍ മൊബൈല്‍ കവറേജില്ലാത്ത സ്ഥലങ്ങളില്‍ നിന്നു പോലും സാറ്റലൈറ്റുകളുടെ സഹായത്തില്‍ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും സാറ്റലൈറ്റ് സൗകര്യമുള്ള ഫോണുകളില്‍ സാധ്യമാണ്.
ബ്രിട്ടിഷ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ബുള്ളിറ്റാണ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്.ആപ്പിളായാലും ബുള്ളിറ്റായാലും അടിയന്തര സാഹചര്യങ്ങളില്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് സാറ്റലൈറ്റ് സൗകര്യം അനുവദിച്ചിരുന്നത്.ആന്‍ഡ്രോയിഡിലേക്ക് സാറ്റലൈറ്റ് സൗകര്യം എത്തുന്നതോടെ ദശലക്ഷക്കണക്കിന് ഫോണുകളില്‍ വൈകാതെ ഈ സംവിധാനം ഉപയോഗിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
ആദ്യഘട്ടത്തില്‍ വില കൂടിയ ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും ഈ സൗകര്യം ഉണ്ടാവുക.സാറ്റലൈറ്റ് ഫോണുകളുടെ ആവശ്യത്തിനായി 1997ലാണ് ഇറിഡിയം ആദ്യത്തെ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നത്.2019 ആയപ്പോഴേക്കും ഇറിഡിയത്തിന്റെ സാറ്റലൈറ്റുകളുടെ എണ്ണം 75ലേക്കെത്തി.ഭൂമിയില്‍ നിന്നും 780 കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഇറിഡിയം സാറ്റലൈറ്റുകള്‍ ഭ്രമണം ചെയ്യുന്നത്.
സ്‌നാപ്ഡ്രാഗണ്‍ സാറ്റലൈറ്റ് എന്നു പേരിട്ടിരിക്കുന്ന സാറ്റലൈറ്റ് ഫോണ്‍ ഫീച്ചര്‍ പ്രീമിയം ചിപ്പുകളിലായിരിക്കും ഉള്‍ക്കൊള്ളിക്കുകയെന്ന് ക്വാല്‍കം അറിയിച്ചിട്ടുണ്ട്.ഈ ചിപ്പുകളുള്ള ആന്‍ഡ്രോയിഡ് ഫോണുകളുടെ കമ്പനികള്‍ അനുമതി നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ സൗകര്യം ഉപയോഗിക്കാനാവും.
ആമസോണ്‍ കാട്ടിലായാലും എവറസ്റ്റിന് മുകളിലായാലും പസിഫിക് സമുദ്രത്തിലായാലും സാറ്റലൈറ്റ് ഫോണ്‍ സൗകര്യം ഉപയോഗിച്ച് ആശയവിനിമയം സാധ്യമാണ്.മൊബൈല്‍ കവറേജിന്റെ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ സ്മാര്‍ട് ഫോണുകളിലെ ഭാവി സാങ്കേതികവിദ്യയായാണ് സാറ്റലൈറ്റ് സൗകര്യത്തെ കണക്കാക്കുന്നത്.