/kalakaumudi/media/post_banners/dd9943d56a0937ae20cbba73b77b0aecf11d469eb1c624c3bca698176ec1056a.jpg)
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ എയര്‍ടെലിനെ പിന്തള്ളി റിലയന്‍സ് ജിയോ രണ്ടാംസ്ഥാനത്ത് എത്തി. സേവനം ലഭ്യമാക്കി വെറും രണ്ടര വര്‍ഷം പിന്നിടുമ്പോഴാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. വരിക്കാരുടെ എണ്ണത്തില്‍ നേതൃസ്ഥാനം സ്വന്തമാക്കുന്നതിന് ഇനി ജിയോയ്ക്ക് മുന്നിലുള്ള ഏക വെല്ലുവിളി വോഡഫോണ്‍ ഐഡിയ മാത്രമാണ്. 2018 ഡിസംബറിലെ കണക്ക് പ്രകാരം 30.6 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഭാരതി എയര്‍ടെലിന്റെ വരിക്കാരുടെ എണ്ണം 28.4 കോടിയാണ്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 38.7 കോടി ഉപയോക്താക്കളാണുള്ളത്.
അധികം വൈകാതെ തന്നെ ജിയോ വോഡഫോണ്‍ ഐഡിയയെയും മറികടക്കാനാണ് സാദ്ധ്യത. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയര്‍ടെലിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത് വോഡഫോണിന്റേയും ഐഡിയയുടെയും ലയനമാണ്. ലയനത്തോടെ വോഡഫോണ്‍ ഐഡിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒന്നാമതായി. ജിയോ വന്നതിന് ശേഷം ഭാരതി എയര്‍ടെല്‍ ഉള്‍പ്പെടെ രാജ്യത്തുണ്ടായിരുന്ന ടെലികോം സേവനദാതാക്കളെല്ലാം പരുങ്ങിലായിരുന്നു. പലരും വിപണിയില്‍ നിന്നും പിന്‍മാറുക പോലുമുണ്ടായി.
ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തോളം ഇന്ത്യന്‍ ടെലികോം വിപണി അടക്കി വാണിരുന്നത് സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്‍ ആണ്. ഈ പ്രതാപമാണ് വെറും രണ്ടര വര്‍ഷംകൊണ്ട് ജിയോ ഇല്ലാതാക്കിയത്. 2016 സെപ്റ്റംബറില്‍ അതിഭീമമായ വിലക്കുറവില്‍ ഡേറ്റാ, വോയ്‌സ്‌കോള്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചാണ് റിലയന്‍സ് ജിയോ ഇന്ത്യന്‍ വിപണി പിടിച്ചടക്കിയത്. സമ്പൂര്‍ണമായും 4ജി സേവനങ്ങള്‍ മാത്രം നല്‍കുകയും ചെയ്തു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ജിയോയുടേതെന്നും ആകര്‍ഷകമായ താരിഫ് പ്ലാനുകളിലൂടെ വരിക്കാരുടെ എണ്ണത്തില്‍ മുന്നിലെത്താന്‍ ജിയോയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കണ്‍സള്‍ട്ടന്‍സി സംരംഭമായ ഫിന്‍എക്‌സ്‌പ്രോസ് സിഇഒ മോഹന്‍ ശുക്ല വ്യക്തമാക്കി.
ത്വരിതഗതിയിലാണ് ജിയോ വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നത്. ഇതേ വേഗതയില്‍ എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും വരിക്കാരെ നഷ്ടമാകുകയും ചെയ്യുന്നു. 2019 ജനുവരി-മാര്‍ച്ച് പാദത്തില്‍ 2.7 കോടി പുതിയ വരിക്കാരെയാണ് ജിയോ കൂട്ടിച്ചേര്‍ത്തതെന്നാണ് ജെപി മോര്‍ഗന്റെ റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിലും ശക്തമായ മുന്നേറ്റമാണ് ജിയോ നടത്തുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങളോടെയുള്ള മൊബീല്‍ ഹാന്‍ഡ്‌സെറ്റുകളും ഇതിനായി ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 2018ലെ പുതിയ 4ജി വരിക്കാരുടെ എണ്ണത്തില്‍ 60 ശതമാനം പങ്കാളിത്തമാണ് ജിയോ കരസ്ഥമാക്കിയത്. മൊത്തം 4 ജി ഉപയോക്താക്കളില്‍ 65 ശതമാനവും ജിയോയുടെ സംഭാവനയാണ്. മൊത്തം ഡാറ്റ ട്രാഫിക്കില്‍ 61 ശതമാനം പങ്കാളിത്തമാണ് ജിയോയ്ക്കുള്ളത്. കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് റിലയന്‍സ് ജിയോ. അടുത്തിടെ ട്രായ് പുറത്തുവിട്ട കണക്ക് അനുസരിച്ച് ഡൗണ്‍ലോഡ് വേഗതയില്‍ ഏറ്റവും മുന്നിലും ജിയോ തന്നെ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
