ഇനി മുതല്‍ മിനിറ്റിന് 6 പൈസ; ഫ്രീ കോളുകള്‍ അവസാനിപ്പിക്കാനൊരുങ്ങി ജിയോ

ഇനി മുതല്‍ മിനിറ്റിന് 6 പൈസ; ഫ്രീ കോളുകള്‍ അവസാനിപ്പിക്കാനൊരുങ്ങി ജിയോ

author-image
online desk
New Update
ഇനി മുതല്‍ മിനിറ്റിന് 6 പൈസ; ഫ്രീ കോളുകള്‍ അവസാനിപ്പിക്കാനൊരുങ്ങി ജിയോ

ഫ്രീ വോയ്‌സ് കോള്‍ അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഇനി മുതല്‍ മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. അതേസമയം, സ്വന്തം നെറ്റ്വര്‍ക്ക് വഴിയുള്ള വോയ്‌സ് കോളുകള്‍ക്ക് പണം ഈടാക്കുകയില്ല. എതിരാളികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വോയ്‌സ് കോളുകള്‍ക്ക് പണം ഈടാക്കാന്‍ ജിയോ നിര്‍ബന്ധിതരായിരിക്കുന്നത്.

എന്നാല്‍, വോയ്‌സ് കോളുകള്‍ക്ക് നഷ്ടമാകുന്ന പണത്തിന്റെ തുല്യ മൂല്യമുള്ള സൗജന്യ ഡേറ്റ ജിയോ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും. മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള ഫോണ്‍ കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ചാര്‍ജ് നിലനില്‍ക്കുമെന്ന് ജിയോ പ്രസ്താവനയില്‍ പറയുന്നു.

മറ്റ് ജിയോ ഫോണുകളിലേക്ക് ജിയോ ഉപയോക്താക്കള്‍ നടത്തുന്ന കോളുകള്‍ക്കും ലാന്‍ഡ്ലൈന്‍ ഫോണുകള്‍ക്കും വാട്‌സാപ്, ഫേസ്ടൈം, മറ്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിച്ച് വിളിക്കുന്നതിനും ഈ നിരക്കുകള്‍ ബാധകമല്ല. മറ്റ് നെറ്റ്വര്‍ക്കുകളില്‍ നിന്നുള്ള ഇന്‍കമിംഗ് കോളുകളും സൗജന്യമായി തന്നെ തുടരും.

ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോള്‍ ചെയ്യാന്‍ 10 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡേറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി നല്‍കും. 20 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വന്നാല്‍ 2 ജിബി ഡേറ്റ ലഭിക്കും. ആദ്യമായാണ് ജിയോ ഉപയോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ക്ക് പണം നല്‍കേമ്ടി വരുന്നത്.

2017ല്‍ ടെലികോം റെഗുലേറ്റര്‍ ട്രായ് 14 പൈസയില്‍ നിന്ന് മിനിറ്റിന് 6 പൈസയായി ഇന്റര്‍കണക്ട് യൂസസ് ചാര്‍ജ് (ഐയുസി) വെട്ടിക്കുറച്ചിരുന്നു. 2020 ജനുവരിയില്‍ ഇത് അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ജിയോ നെറ്റ്വര്‍ക്കിലെ വോയ്സ് കോളുകള്‍ സൗജന്യമായതിനാല്‍, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് നല്‍കിയ 13,500 കോടി ഡോളര്‍ കമ്പനി വഹിക്കേണ്ടതായി വന്നു. ട്രായ് നീക്കത്തെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍, മറ്റ് നെറ്റ്വര്‍ക്കിലേക്കുള്ള ഓരോ കോളിനും ഉപഭോക്താക്കള്‍ക്ക് മിനിറ്റില്‍ 6 പൈസ ഈടാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

free call RELIANCE mukesh ambani Jio