/kalakaumudi/media/post_banners/5647552c2a9048ef9b5d9cb5f5dc760238bfc6de0efa8713fc9ee9956565b8c6.jpg)
ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകള്‍ക്കും 4ജി ഫീച്ചര്‍ ഫോണിനും പിന്നാലെ റിലയന്‍സ് ജിയോയുടെ അടുത്ത ലക്ഷ്യം ലാപ്‌ടോപ്പ്. ഇതു സംബന്ധിച്ച് അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ കോമുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തി.
സെല്ലുലാര്‍ കണക്ഷനോടുകൂടിയ വിന്‍ഡോസ് 10 ലാപ് ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കാനാണ് റിലയന്‍സിന്റെ പദ്ധതി. 4ജി ഫീച്ചര്‍ഫോണിന് വേണ്ടി ക്വാല്‍കോമും ജിയോയും നിലവില്‍ സഹകരിച്ചു വരുന്നുണ്ട്.
തങ്ങള്‍ ജിയോയുമായി ഈ വിഷയം സംസാരിച്ചതായി ക്വാല്‍കോം ടെക്‌നോളജീസ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ മിഗ്വേല്‍ ന്യൂണ്‍സ് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ കമ്പനിയായ സ്മാര്‍ട്രോണും സെല്ലുലാര്‍ കണക്റ്റിവിറ്റിയോടുകൂടിയുള്ളതും ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതുമായ ലാപ് ടോപ്പുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ സെല്ലുലാര്‍ സൗകര്യത്തോടുകൂടിയുള്ള ലാപ്‌ടോപ്പുകള്‍ പുറത്തിറക്കുന്നതിനായി എച്ച്പി, അസൂസ്, ലെനോവോ തുടങ്ങിയ കമ്പനികളുമായി ക്വാല്‍കോം സഹകരിച്ച് വരുന്നുണ്ട്. അമേരിക്ക, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 14 ഓളം ഓപറേറ്റര്‍മാര്‍ അവരുടെ സേവനങ്ങള്‍ പുതിയ വിഭാഗത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ഒരോ വര്‍ഷവും 50 ലക്ഷത്തോളം ലാപ്‌ടോപ്പുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും വൈഫൈ നെറ്റ് വര്‍ക്കുകളും മറ്റുമായി ബന്ധിപ്പിക്കുന്നവയാണ്. സെല്ലുലാര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ലാപ്‌ടോപ്പുകള്‍ രംഗപ്രവേശം ചെയ്യുന്നതോടെ ഈ രംഗത്ത് അടിമുടി മാറ്റമുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൊബൈല്‍ ഫോണുകളും, വൈഫൈ മോഡങ്ങളും നെറ്റ് വര്‍ക്കുകളും, കേബിള്‍ നെറ്റ് വര്‍ക്കുകളും ഉപയോഗിച്ചാണ് ലാപ്‌ടോപ്പുകളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്നത്. 5ജി സേവനങ്ങളിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതിനിടെ സെല്ലുലാര്‍ കണക്റ്റിവിറ്റി കൂടിയുള്ള കംപ്യൂട്ടറുകള്‍ കൂടി പുറത്തിറങ്ങുന്നതോടെ വിപണിയില്‍ വലിയൊരു മാറ്റത്തിനാണ് അത് വഴിവെക്കുക.