റെസ്‌ക്യൂ റേഞ്ചര്‍ മെയ്ഡ് ഇന്‍ കേരള; വെള്ളത്തില്‍ മുങ്ങിപ്പോകുന്നവരെ റിമോട്ട് കണ്‍ട്രോളിലൂടെ രക്ഷപ്പെടുത്താം

വെള്ളത്തില്‍ മുങ്ങിപ്പോകുന്നവ ആളെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ആശയവുമായി ഡെക്‌സ്ചര്‍ ഇന്നവേഷന്‍ ടെക്‌നോളജീസ് കമ്പനി.

author-image
Greeshma Rakesh
New Update
റെസ്‌ക്യൂ റേഞ്ചര്‍ മെയ്ഡ് ഇന്‍ കേരള; വെള്ളത്തില്‍ മുങ്ങിപ്പോകുന്നവരെ റിമോട്ട് കണ്‍ട്രോളിലൂടെ രക്ഷപ്പെടുത്താം

തിരുവനന്തപുരം: വെള്ളത്തില്‍ മുങ്ങിപ്പോകുന്നവ ആളെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ആശയവുമായി ഡെക്‌സ്ചര്‍ ഇന്നവേഷന്‍ ടെക്‌നോളജീസ് കമ്പനി. മാത്രമല്ല ദുരന്തബാധിത പ്രദേശങ്ങളില്‍ ഏത് സാഹചര്യത്തിലും 100 കിലോഗ്രാമോളം അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനവും ഇതിനൊപ്പമുണ്ടാകും. പുതിയ ആശയം വ്യവസായ വകുപ്പിന്റെ പിന്തുണയോടെയാണ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

വെള്ളത്തിലുണ്ടാകുന്ന ദുരന്തങ്ങളിലും പ്രകൃതിക്ഷോഭങ്ങളുടെ ഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാകുന്ന ഘട്ടത്തില്‍ സഹായകമാകുന്ന ഉപകരണം വികസിപ്പിക്കുകയും അതിന് പേറ്റന്റ് നേടിയിരിക്കുന്നതും ഡെക്‌സ്ചര്‍ ഇന്നവേഷന്‍ ടെക്‌നോളജീസാണ്. ലോകത്തിലെ തന്നെ ആദ്യ മള്‍ട്ടി പര്‍പ്പസ് ജീവന്‍ രക്ഷാ സംവിധാനമായിട്ടാണ് ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്.

വെള്ളത്തില്‍ ഒഴുകിപ്പോകുന്നവരേയും മുങ്ങിപ്പോകുന്ന ആളുകളെയും ഈ ഉപകരണം ഉപയോഗിച്ച് രക്ഷപ്പെടുത്താം. 30 കിലോമീറ്റര്‍ വരെ സ്പീഡില്‍ ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനും ജീവന്‍ രക്ഷിക്കാനും റെസ്‌ക്യൂ റേഞ്ചറിന് കഴിയും.മാത്രമല്ല പുറമേ രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഉപകരണം വെള്ളത്തിനടിയില്‍ മുങ്ങിപ്പോയവരെ കൃത്യമായി കണ്ടെത്തുന്നതിന് ഡുവല്‍ ഫ്രീക്വന്‍സി സെന്‍സര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന 360 ഡിഗ്രി ക്യാമറ തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്തി റിമോട്ട് കണ്‍ട്രോള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. സെര്‍ച്ച് ലൈറ്റ്, ലോങ്ങ് റേഞ്ച് വാക്കീ-ടോക്കീ, ക്യാരി ബാഗ് സംവിധാനം, സൈറണ്‍, ഫ്രണ്ട് വ്യൂ ക്യാമറ തുടങ്ങിയ അവശ്യ സംവിധാനങ്ങളും ഉപകരണത്തില്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ട്. ഇത്രയും ഉപകരണങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് നിര്‍മ്മിക്കുന്ന സംവിധാനത്തിന്റെ ലോഞ്ചിങ്ങ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിര്‍വ്വഹിച്ചുവെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

 

സംസ്ഥാന വ്യവസായ വകുപ്പിന്റെ ഇടപെടലിലൂടെ ഈ ഉപകരണം നിര്‍മ്മിക്കാനാവശ്യമായ മുഴുവന്‍ തുകയും ബാങ്ക് അനുവദിച്ചിരുന്നു. പേറ്റന്റ് രജിസ്‌ട്രേഷനാവശ്യമായ എല്ലാ സഹായവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചെയ്തുകൊടുത്തു. ഇത്രയും നൂതനമായ സംവിധാനം കേരളത്തില്‍ തന്നെ ഡിസൈന്‍ ചെയ്ത്, കേരളത്തില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്നത് ഭാവിയില്‍ ഏറെ സഹായകവും അഭിമാനകരവുമാകും എന്നതില്‍ സംശയം വേണ്ട.

മെയ്ക്ക് ഇന്‍ കേരള എന്ന സര്‍ക്കാരിന്റെ നയം കേരളത്തിന്റെ മുന്നേറ്റത്തിന്റെ കഥ പറഞ്ഞുതുടങ്ങുകയാണെന്നും രാജീവ് പറഞ്ഞു. റെസ്‌ക്യൂ റേഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റിമോട്ട് കണ്‍ട്രോള്‍ ഉപകരണം ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു മെയ്ഡ് ഇന്‍ കേരള സംവിധാനമായി മാറും.

 

 

kerala p rajeev Rescue Danger