/kalakaumudi/media/post_banners/06217c388d67000a8a6bb86e4d6ebd080df8f487a6a7e366621fff301e08b652.jpg)
ചാറ്റ് ബോട്ടുകള്‍ ടെക് ലോകം കീഴടക്കുമ്പോള്‍ മെറ്റയും നിര്‍മിത ബുദ്ധിയുടെ പുതിയ സാധ്യതകളിലേക്ക് കടക്കുന്നു.ലാര്‍ജ് ലാംഗ്വേജ് മോഡല്‍ മെറ്റ എഐ എന്ന പേരില്‍ പുതിയ എ ഐ ഭാഷാ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
ഫേസ്ബുക്ക് പോസ്റ്റിലൂടെ കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി എഴുതാനും ആശയവിനിമയം നടത്താനും കഴിവുള്ള ഭാഷാ മോഡലാണ് ലാമ.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരെ സഹായിക്കുന്നതിനുള്ള ഭാഷാ മോഡലാണിത്.ഗ്ലാക്ടിക, ബ്ലെന്‍ഡര്‍ ബോട്ട് 3 എന്നീ മോഡലുകള്‍ക്ക് ശേഷമുള്ള മെറ്റയുടെ മൂന്നാമത്തെ ഭാഷാ മോഡലാണിത്.ഗ്ലാക്ടികയും ബ്ലെന്‍ഡറും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ പിന്‍വലിക്കുകയായിരുന്നു.
എന്താണ് LLaMA ?
ചാറ്റ് ജിപിടിയെ പോലെ ലാമ ഒരു ചാറ്റ്‌ബോട്ട് അല്ല. ലാമ എന്നത് യഥാര്‍ഥത്തില്‍ ഒരു ഗവേഷണ ടൂള്‍ ആണ്.ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഭാഷാ മോഡലുകളിലെ അപാകതകള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. ഇത്തരം വലിയ ഭാഷാ മോഡലുകളുടെ ഇന്‍ഫ്രാസ്‌ട്രെച്ചറുകള്‍ പഠനത്തിനായി ലഭിക്കാത്ത ഗവേഷകര്‍ക്ക് LLaMA പോലുള്ള ചെറുതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ മോഡലുകള്‍ ലഭ്യമാകുമെന്ന് മെറ്റ വ്യക്തമാക്കി.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയില്‍ ജനാധിപത്യപരമായ സമീപനം ആവശ്യമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.7B മുതല്‍ 65B പാരാമീറ്ററുകള്‍ വരെയുള്ള ഭാഷാ മോഡലുകളുടെ ഒരു ശേഖരമാണ് LLaMA. പൊതുവായ ഡാറ്റാസെറ്റുകള്‍ ഉപയോഗിച്ച് അത്യാധുനിക മോഡലുകള്‍ പരിശീലിപ്പിക്കാന്‍ കഴിയുമെന്നും ആക്സസ് ചെയ്യാന്‍ സാധിക്കാത്ത ഡാറ്റാ സെറ്റുകളെ ആശ്രയിക്കാതെ തന്നെ ട്രില്യണ്‍ കണക്കിന് ടോക്കണുകളില്‍ തങ്ങളുടെ മോഡലുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
വാചകങ്ങള്‍ തയ്യാറാക്കാനും സംഭാഷണം നടത്താനും ദൈര്‍ഘ്യമുള്ള രചനകളുടെ സംഗ്രഹം നല്‍കാനും ഗണിത സിദ്ധാന്തങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാനും അടക്കം പല സങ്കീര്‍ണമായ കാര്യങ്ങള്‍ക്കും ലാമയ്ക്ക് കഴിയുമെന്ന് സക്കർബർഗ് പറയുന്നു.പ്രോട്ടീന്‍ ഘടന പരിശോധിക്കാനും ഗവേഷകര്‍ക്ക് അവരുടെ അന്വേഷണങ്ങള്‍ക്ക് സഹായം നല്‍കാനുമൊക്കെ പ്രതിജ്ഞാബദ്ധമാണ് ലാമയെന്നും സക്കർബർഗ് പറയുന്നു.