
ന്യൂഡല്‍ഹി: സെല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി ചൊവ്വാഴ്ച ടെസ്റ്റ് അലേര്‍ട്ടുകള്‍ ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം വകുപ്പ്. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സന്ദേശങ്ങള്‍ ലഭിക്കുക. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്നതാണ് സെല്‍ ബ്രോഡ്കാസ്റ്റിങ്ങ്. മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം. ഇത്തരത്തില്‍ നാളെ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ പരിഭ്രാന്തരാവേണ്ടതില്ല, ഇതൊരു അടിയന്തിര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രകൃതി ദുരന്തങ്ങള്‍ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സഹായിക്കുന്ന സെല്‍ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നാളെ നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസം രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളുടെ ഫോണുകള്‍ ഒരുമിച്ച് ശബ്ദിച്ചിരുന്നു. അലാറം പോലെയുള്ള ഉച്ചത്തിലുള്ള ബീപ് അലേര്‍ട്ടും അടിയന്തര മുന്നറിയിപ്പ് എന്ന ഫ്‌ളാഷ് സന്ദേശവുമാണ് വന്നത്. ഇത്തരത്തില്‍ കൂട്ടത്തോടെ നിരവധി ഫോണുകള്‍ ശബ്ദിക്കുമ്പോള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഉപയോക്താക്കള്‍ ഈ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പൊതുജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായ അലേര്‍ട്ടുകള്‍ നല്‍കുകയുമാണ് സെല്‍ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏത് മൊബൈല്‍ നെറ്റ്വര്‍ക്ക് ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലേര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്.
യഥാര്‍ത്ഥ ദുരന്ത മുന്നറിയിപ്പല്ലെന്ന ബോധ്യമുണ്ടാകാനായി 'സാമ്പിള്‍ ടെസ്റ്റ് മെസേജ്' എന്ന് ലേബല്‍ നല്‍കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാവിയില്‍ മൊബൈല്‍ ഫോണുകള്‍ കൂടാതെ ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയും അലേര്‍ട്ടുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലാണ്.
'ടെലികോം വകുപ്പ്, ഇന്ത്യാ ഗവണ്‍മെന്റ് എന്‍ഡിഎംഎയുമായി സെല്‍ ബ്രോഡ്കാസ്റ്റ് ടെസ്റ്റിംഗ് 2023 ഒക്ടോബര്‍ 31 കേരളത്തില്‍ നടത്തും. വൈബ്രേഷന്‍ എന്നിവ ഉപയോഗിച്ച് മൊബൈലില്‍ ടെസ്റ്റ് അലേര്‍ട്ടുകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഈ അലേര്‍ട്ടുകള്‍ ടെസ്റ്റിംഗ് പ്രക്രിയയുടെ ഭാഗമാണ്, യഥാര്‍ത്ഥ അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. നിങ്ങളുടെ ഭാഗത്ത് നിന്നു ഒരു നടപടിയും ആവശ്യമില്ല എന്ന സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പായി ലഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.