വാണിജ്യ വിമാന നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാസ; ലക്ഷ്യം നെറ്റ് സീറോ കാർബണ്‍ പുറംതള്ളൽ

By Lekshmi.24 01 2023

imran-azhar

 

വാണിജ്യ വിമാനങ്ങളുടെ നിർമാണവും പരീക്ഷണവും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് ഒരുങ്ങി നാസ.കൂടുതൽ ഇന്ധന ക്ഷമതയുള്ള, കാർബൺ പുറംതള്ളൽ കുറയ്ക്കുന്ന സിംഗിൾ എഞ്ചിന്‍ ഫ്ലൈറ്റുകൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ അത് വ്യോമ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

 

 

ഫ്ലൈറ്റുകൾ, റോട്ടർക്രാഫ്റ്റ്, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, മിസൈലുകൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ബോയിങ്ങുമായി ചേർന്നാണ് പ്രവർത്തനമെന്ന് ബുധനാഴ്ച നാസ അറിയിച്ചു.

 

 

പരിസ്ഥിതിക്കും വ്യോമയാന വ്യവസായത്തിനും യാത്രക്കാർക്കും ഒരുപോലെ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ ഇന്ധനക്ഷമതയുള്ള വാണിജ്യ വിമാനങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പ്രസ്താവനയിൽ പറഞ്ഞു.പദ്ധതിക്കായുള്ള 425 മില്യൺ ഡോളർ നാസയും 725 മില്യൺ ഡോളർ ബോയിങ്ങും അതിന്റെ പങ്കാളികളുമാണ് സംഭാവന ചെയ്യുന്നത്.

 

 


2028ല്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പരീക്ഷണം പൂർത്തിയാക്കും.പദ്ധതി വിജയിക്കുകയാണെങ്കില്‍ 2030 ഓടെ വിമാനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നും ബിൽ നെൽസൺ കൂട്ടിച്ചേർത്തു.നിലവിൽ ഉപയോഗിച്ചുവരുന്ന ഏറ്റവും കാര്യക്ഷമതയുള്ള വിമാനങ്ങളെക്കാൾ ഇന്ധന ഉപഭോഗവും പുറന്തള്ളലും 30 ശതമാനം വരെ കുറയ്ക്കുന്ന രീതിയിലാണ് പുതിയ വിമാനങ്ങൾ രൂപകൽപ്പന ചെയുന്നത്.

 

 

കൂടാതെ, മറ്റ് ഹരിത വ്യോമയാന സാങ്കേതികവിദ്യകളും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് എയറോനോട്ടിക്സ് റിസർച്ച് മിഷൻ ഡയറക്ടറേറ്റിന്റെ നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ബോബ് പേഴ്‌സ് വ്യക്തമാക്കി. വിമാനങ്ങളുടെ ചിറകിലെ പ്രത്യേകത ഇന്ധന ക്ഷമതയെ ബാധിക്കുന്ന ഘടകമാണ്.

 

 

ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുന്ന തരത്തിലുള്ള ട്രാൻസോണിക് ട്രസ്-ബ്രേസ്ഡ് വിങ് കൺസെപ്റ്റ് എന്ന ഘടന ചിറകുകൾക്ക് നൽകാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യോമയാന വിപണിയിൽ വിമാന കമ്പനികൾ കൂടുതലായി ആശ്രയിക്കുന്നത് സിംഗിൾ എഞ്ചിൻ വിമാനങ്ങളെയാണെന്ന് നാസ പറയുന്നു.

 

 

 

OTHER SECTIONS