/kalakaumudi/media/post_banners/cc2d565c7f483bff4af520dba79330bb28bbc9a9d55a2905817003a059386467.jpg)
സ്മാര്‍ട്ട്‌ഫോണുകള്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാനിടുന്നത് ബാറ്ററിയെ തകര്‍ക്കുമെന്ന് പലരും കേട്ടിട്ടുണ്ടാകും. എന്നാല്‍ അത്തരം ധാരണകള്‍ ഇനി വേണ്ട. ക്വോറ എന്ന വെബ്സൈറ്റില്‍ ടെക് എഴുത്തുകാരനായ ജെസ്സി ഹോളിങ്ടന്‍, ഐഫോണ്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായ മറുപടി നല്‍കുന്നുണ്ട്.
ഐഫോണ്‍ രാത്രിയില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാനിടുന്നതു കൊണ്ട് ബാറ്ററിയ്ക്ക് ചെറിയ കേടുപാടു പോലും സംഭവിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. 90 ശതമാനം ബാറ്ററിയുള്ള ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടാലും ഒരു കുഴപ്പവും സംഭവിക്കില്ല. ലളിതമായി പറഞ്ഞാല്‍, ഐഫോണ്‍ എന്നല്ല മറ്റേത് ആധുനിക ഇലക്ട്രോണിക് ഉപകരണവും ഓവര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ലെന്നതാണ് കാരണം.
ലിഥിയം അയണ്‍ അല്ലെങ്കില്‍ ലിഥിയം പോളിമര്‍ ബാറ്ററി ഉപയോഗിക്കുന്ന ഏതൊരു ഡിവൈസ് ആയാലും തീര്‍ച്ചയായും അതിലൊരു ചാര്‍ജിങ് സര്‍ക്ക്യൂട്ട് ഉണ്ടാകും. അത് ബാറ്ററി 100 ശതമാനം ആയിക്കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജറില്‍ നിന്നുള്ള വൈദ്യുതി പ്രവാഹം വിച്ഛേദിക്കും.
ലിഥിയം അയണ്‍ ബാറ്ററികള്‍ പരിമിതമായ 'ചാര്‍ജ് സൈക്കിള്‍' (ഐഫോണിന്റെ കാര്യത്തില്‍ 500 തവണ) മാത്രമുള്ളവയാണ്. ബാറ്ററി പൂജ്യത്തില്‍ നിന്നും പൂര്‍ണ്ണമായും (100 ശതമാനം) ചാര്‍ജ് ചെയ്യുന്നതാണ് ഒരു ചാര്‍ജ് സൈക്കിള്‍. ഭാഗികമായ ചാര്‍ജിങ്ങുകള്‍ക്ക് ഭാഗികമായി മാത്രമേ ചാര്‍ജ് സൈക്കിളുകള്‍ ഉപയോഗിക്കുകയുള്ളൂ.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഓരോ തവണയും നിങ്ങള്‍ ഐഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് ബാറ്ററി 90 ശതമാനം ഉള്ളപ്പോള്‍ ആണെങ്കില്‍ ചാര്‍ജ് സൈക്കിളിന്റെ 1/10 അല്ലെങ്കില്‍ 10 ശതമാനം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. അതേസമയം, നിങ്ങള്‍ മനപ്പൂര്‍വം ബാറ്ററി പൂര്‍ണമായും തീര്‍ന്ന ശേഷം ചാര്‍ജ് ചെയ്യാനിടുകയാണെങ്കില്‍ ചാര്‍ജ് സൈക്കിള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നു.
തീര്‍ച്ചയായും, ഉപയോഗത്തിനിടെ ബാറ്ററി ഡെഡ് ആകുകയാണെങ്കില്‍, അത് ന്യായമാണ്. പക്ഷേ, ചാര്‍ജ് ചെയ്യുന്നതിന് മുന്‍പായി മനപ്പൂര്‍വം ബാറ്ററി ഒഴിക്കുന്നത് നല്ലതല്ല. ഇത് യഥാര്‍ഥത്തില്‍ ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയാണ് ചെയ്യുക.