നിര്‍മിത ബുദ്ധിയെ മാറ്റിമറിക്കാന്‍ ഒലയുടെ കൃത്രിം വരുന്നു

നിര്‍മിതബുദ്ധി അധിഷ്ഠിത ആശയവിനിമയം സാധ്യമാക്കാന്‍ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ച് ഒല.

author-image
anu
New Update
നിര്‍മിത ബുദ്ധിയെ മാറ്റിമറിക്കാന്‍ ഒലയുടെ കൃത്രിം വരുന്നു

 

കൊച്ചി: നിര്‍മിതബുദ്ധി അധിഷ്ഠിത ആശയവിനിമയം സാധ്യമാക്കാന്‍ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ച് ഒല. ഒലയുടെ എഐ കമ്പനിയായ കൃത്രിം ആണ് നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള എല്‍എല്‍എം വികസിപ്പിച്ചത്. ബെംഗളൂരുവിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമുള്ള കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹകരണത്തോടെ നിര്‍മിച്ച പുതിയ എല്‍എല്‍എം രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും എഐ അധിഷ്ഠിത ആശയവിനിമയം സാധ്യമാക്കും.

കൃത്രിം ബേസ്, കൃത്രിം പ്രൊ എന്നിവ ചേര്‍ന്നതാണ് ഒല കൃത്രിം. എംഎംഎല്‍യു, ഹെല്ലസ്വേഗ്, ബിബിഎച്ച്, പിഖ, എആര്‍സി തുടങ്ങിയ ആഗോള എല്‍എല്‍എമ്മുകളോട് കിടപിടിക്കുന്നവയാണ് 2 ട്രില്യണ്‍ ടോക്കണ്‍സുള്ള കൃത്രിം. ഒരു മലയാളം കവിതയില്‍നിന്ന് ബോളിവുഡ് സിനിമയിലേക്കും മസാലദോശ ചേരുവയിലേക്കുമെല്ലാം ഞൊടിയിടയില്‍ മാറാന്‍ പാകത്തിലുള്ളതാണ് ഒല കൃത്രിം മോഡല്‍. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ എഐ സഹായം ആവശ്യമുള്ളവര്‍ക്കായി എപിഐ ആയി അടുത്ത ജനുവരി മുതല്‍ കൃത്രിം ഉണ്ടാവും. അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതലാണ് കൃത്രിം പ്രൊ ലഭ്യമാവുക.

വിദ്യാഭ്യാസം മുതല്‍ ബിസിനസ് ആശയവിനിമയം വരെ വിവിധ ആവശ്യങ്ങള്‍ക്കായി കൃത്രിം ഉപയോഗപ്പെടുത്താം. അനുയോജ്യമല്ലാത്ത മറുപടികള്‍ പരമാവധി കുറച്ചുകൊണ്ടാണ് കൃത്രിമിന്റെ രൂപകല്‍പ്പന. വെബ്സൈറ്റില്‍ ഇപ്പോള്‍ മുതല്‍ സൈന്‍അപ് ചെയ്യാം. ജനുവരി മുതല്‍ എപിഐ എല്ലാ ഡെവലപ്പര്‍മാര്‍ക്കും ലഭ്യമാവും. ഒലയുടെ വിവിധ കമ്പനികളില്‍ വില്‍പ്പന, സേവനം, പിന്തുണ തുടങ്ങിയവയ്ക്കായി കൃത്രിം ഉപയോഗിക്കാം.

ഇപ്പോള്‍ 10 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. 22 ഭാഷകള്‍ മനസിലാവും. 2 ട്രില്യണാണ് ടോക്കണ്‍ ഡാറ്റ. വികസിത രാജ്യം എന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണ് ഒല കൃത്രിം എന്ന് സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്ക് രാജ്യത്തെ എഐയെ നയിക്കാന്‍ പാകത്തിനാണ് രൂപകല്‍പ്പന. സാമ്പത്തിക, സാംസ്‌ക്കാരിക മേഖലകളെ നിര്‍വചിക്കാന്‍ പോവുകയാണ് നിര്‍മിതബുദ്ധി. ഇന്ത്യന്‍ ഭാഷയും സംസ്‌ക്കാരവും സമഗ്രമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് കൃത്രിമിന്റെ നിര്‍മിതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

technology Latest News