യുക്രൈൻ അധിനിവേശത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ച മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിനെ വെട്ടിച്ച് റഷ്യയിൽ ടെലഗ്രാമിന്റെ മുന്നേറ്റം. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും വാട്‌സ് ആപ്പ് പ്രവർത്തിച്ചു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ജനപ്രിയ മെസേജിങ് ആപ്പിനെ പിറകിലാക്കി ടെലഗ്രാം മുന്നിലെത്തിയത്.
റഷ്യയുടെ നാല് പ്രധാന ടെലികോം ഓപറേറ്റർമാരിൽ ഒരാളായ മെഗാഫോണാണ് ഇതിന്റെ കണക്കുകൾ പങ്കുവെച്ചത്. ഫെബ്രുവരിയിലെ ആദ്യ രണ്ടു ആഴ്ചകളിൽ മൊബൈൽ ഇൻറനെറ്റ് ട്രാഫിക്കിൽ 48 ശതമാനമുണ്ടായിരുന്ന ടെലഗ്രാമിന്റെ ഷെയർ മാർച്ചിലെ ആദ്യ രണ്ടാഴ്ചകളിൽ 63 ശതമാനമായി മാറിയിരിക്കുകയാണ്. എന്നാൽ വാട്‌സ് ആപ്പിന്റെ ഷെയർ 48ൽ നിന്ന് 32 ശതമാനമായി കുറയുകയും ചെയ്തു- മെഗാഫോൺ വ്യക്തമാക്കി.
ശരാശരി ടെലഗ്രാം ഉപഭോക്താവ് 101 എംബി ദിനംപ്രതി ഉപയോഗിച്ചപ്പോൾ വാട്‌സ് ആപ്പ് ഉപഭോക്താവ് 26 എംബി മാത്രമാണ് വിനിയോഗിച്ചത്. റഷ്യക്കാരനായ പവേൽ ഡുറോവ് സ്ഥാപിച്ച ടെലഗ്രാം റഷ്യയിലെ പ്രധാന ന്യൂസ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. പ്രധാന മാധ്യമങ്ങൾ, ഗവൺമെൻറ് സംവിധാനം, പ്രശസ്ത വ്യക്തികൾ എന്നിവർക്കെല്ലാം ടെലഗ്രാം ചാനലുകളുണ്ട്.
ഇതര സാമൂഹിക മാധ്യമങ്ങൾക്കും മെസേജിങ് ആപ്പുകൾക്കുമെതിരെയുള്ള നിരോധനവും നിയന്ത്രണവും ഈ വളർച്ചക്ക് കാരണമായതായി മെഗാഫോൺ ചൂണ്ടിക്കാട്ടി. റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതലാണ് ഈ വളർച്ച തുടങ്ങിയതെന്നും അവർ വ്യക്തമാക്കി.
അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ മെറ്റ നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തിയിരുന്നത്. റഷ്യയുടെ ഔദ്യോഗിക മാധ്യമനിരീക്ഷണ സംവിധാനമായ റോസ്‌കോംനഡ്സോറാണ് ഇക്കാര്യം അറിയിച്ചത്. തീവ്രപ്രവർത്തന സംഘമായി മെറ്റയെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. റഷ്യൻ പ്രസിഡൻറിനും സൈനികർക്കുമെതിരെയുള്ള ആഹ്വാനങ്ങളെ അനുവദിക്കുന്ന മെറ്റ റഷ്യയിലെ സാധാരണക്കാർക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നുണ്ട്.